
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സർക്കാർ വിളിച്ച സര്‍വ്വകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പോപ്പുലര്‍ ഫ്രണ്ട് സര്‍വ്വകക്ഷി യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ബിജെപി തീരുമാനമെടുത്തിരുന്നില്ല. നാളെ വൈകിട്ട് മൂന്നിന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വേണ്ടിവന്നാല്‍ അക്രമികളെ അടിച്ചമര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കൂടുതല്‍ പൊലീസ് വിന്യാസം നടത്തിയും ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സര്‍വ്വകക്ഷി യോഗം വിളിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം. നാളെ ജില്ലാ കളക്ടറേറ്റിലാണ് യോഗം.
അക്രമികളോട് എന്ത് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു യോഗത്തെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം. പൊലീസിന്‍റെ കൈയ്യില്‍ വിലങ്ങിട്ടിരിക്കുകയാണെന്ന വിമര്‍ശനവും ബിജെപി ഉയര്‍ത്തി. ഇതോടെ ബിജെപി യോഗത്തിൽ പങ്കെടുക്കുമോ എന്ന് സംശയമുയർന്നിരുന്നു.
അതിനിടെ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. ഉച്ചയോടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വിലാപയാത്രയായി മൂത്താന്തറ കർണകിയമ്മൻ സ്‌കൂളിൽ എത്തിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനടക്കം വിലാപയാത്രയിൽ പങ്കെടുത്തു. വീട്ടിലെത്തിച്ച് അന്തിമോപചാര ചടങ്ങുകൾ പൂർത്തിയാക്കി കറുകോടി മൂത്താൻ സമുദായ ശ്‌മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
അതേസമയം, ഇരട്ട കൊലപാതകം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണോ എന്ന് ഉറപ്പാക്കാൻ കഴിയാത്തതാണ് അറസ്റ്റ് വൈകാൻ കാരണം. കൊലപാതകത്തിന് പിറകിൽ ആസൂത്രിക ഗൂഢാലോചനയുണ്ടെന്നും കൊന്നവരെയും സൂത്രധാരൻമാരെയും പിടികൂടുമെന്നും അന്വേഷണ സംഘത്തിന്‍റെ മേൽനോട്ട ചുമതലയുള്ള വിജയ് സാഖറെ വ്യക്തമാക്കി.
പാർട്ടികൾ ഹാജരാക്കുന്നവരെയോ ഭാരവാഹികളെയോ പ്രതികളാക്കി കേസ് അവസാനിപ്പിക്കില്ലെന്നാണ് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതത പോലീസ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാനം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരയും ഗൂഡാലോചന നടത്തിയവരെക്കുറിച്ചും സൂചനയുണ്ട്. എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടോ എന്ന് ഇതുവരെ ഉറപ്പാക്കാൻ ആയിട്ടില്ല. എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധ കേസിൽ 4 പേരാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകം നടക്കുമ്പോൾ ഇവർ പരിസരത്ത് ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ കാറുകളിലെത്തി കൊലപാതകം നടത്തിയവർ ഇവരാണോ എന്ന് ഉറപ്പിച്ചാൽ മാത്രമാകും അറസ്റ്റ്. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെ കൊലപാതക കേസിലും ചിലർ കസ്റ്റഡിയിലുണ്ട്.
രണ്ട് കൊലപാതക കേസുകളും രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയ മൂന്ന് ബൈക്കുകളിൽ ഒന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറ്റൂർ സ്വദേശിയായ വീട്ടമ്മയുടെ പേരിലാണ് ബൈക്ക് ഉള്ളത്. എന്നാൽ ബൈക്ക് മറ്റൊരാൾക്ക് പണയപ്പെടുത്തിയെന്നും ഇപ്പോൾ ആരാണ് ബൈക്ക് ഉപയോഗിക്കുന്നതെന്നും ഇവർക്ക് അറിവില്ല. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ശംഫുവാര തോട് സ്വദേശിയാണ് ബൈൈക്ക് കൊണ്ടുപോയതെന്ന് വ്യക്തമായെങ്കിലും പ്രതി ഒളിവിലാണ്. ശ്രീനിവാസന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരിലേക്ക് എത്താനുള്ള നിർണ്ണായക തെളിവാകും ഈ ബൈക്ക്. രണ്ട് കേസുകളിലും ദൃക്സാക്ഷികളുള്ളതിനാൽ യാഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam