'ഉത്തരവ് കത്തിച്ചവരോട്'; ആടിനെ വിറ്റ് പണം നല്‍കിയ സുബൈദയും, കൈനീട്ടം നല്‍കിയ കുട്ടികളുമുണ്ടിവിടെ; മുഖ്യമന്ത്രി

By Web TeamFirst Published Apr 25, 2020, 6:14 PM IST
Highlights

ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കത്തിച്ച് ഒരു കൂട്ടം അധ്യാപകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മറ്റ് ഉദാഹരണങ്ങള്‍ പറഞ്ഞാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. 

തിരുവനന്തപുരം: ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കത്തിച്ച് ഒരു കൂട്ടം അധ്യാപകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മറ്റ് ഉദാഹരണങ്ങള്‍ പറഞ്ഞാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. സാലറി ചലഞ്ചിന് ബദലെന്നോണം കൈകൊണ്ട നടപടിക്കെതിരെ പ്രവര്‍ത്തനങ്ങളെല്ലാം മനോഭാവത്തിന്‍റെ പ്രശ്നമാണ് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ആടിനെ വിറ്റ് പണം നല്‍കിയവരെയും വിഷുക്കൈനീട്ടം നല്‍കിയവരെയും മുഖ്യമന്ത്രി ഓര്‍മിപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്...

മാധ്യമങ്ങളില്‍ ഒരു ഗൗരവുമായ വിഷയം കണ്ടു,  കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ നാട് നേരിടുന്ന ആകെ പ്രയാസത്തിന്‍റെ അടിസ്ഥാനത്തില്‍, ശമ്പളത്തില്‍ ഒരു ഭാഗം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചിലര്‍ കത്തിച്ച വാര്‍ത്ത കണ്ടു. ആ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മവന്നത്, തിരുവനന്തപുരത്ത്, പ്ലാത്താംകരയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികള്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള ഒരു പ്രൊജക്ടുമായാണ് ആ കൊച്ചുമിടുക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 

അഞ്ചാം ക്ലാസുമുതല്‍ ആദര്‍ശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുടക്കമില്ലാതെ സംഭാവന നല്‍കുന്നുണ്ട്. ദുരിതം അനുഭവിക്കുന്നവരെ കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്രത്തോളമാണെന്ന് തെളിയിക്കുന്നതായിരുന്നു. അത്. വിഷുവിന് ലഭിച്ച കൈനീട്ടം സംഭാവന നല്‍കാമോ എന്ന് വിഷുവിന്‍റെ തലേദിവസം അഭ്യര്‍ത്ഥന നടത്തിയരുന്നു. നമ്മുടെ കുട്ടികള്‍ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചത്. അവര്‍ക്ക് കിട്ടിയ കൈനീട്ടം സന്തോഷത്തോടെ സംഭാവന ചെയ്തു. ആ കുട്ടികളുടെ പേരുവിവരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് കുട്ടികളുടെ മനസ് ലോകം അറിയണമെന്നതുകൊണ്ടാണ്.

വിഷുക്കൈ നീട്ടവും കളിപ്പാട്ടം വാങ്ങാനുള്ള പണവും കുട്ടികള്‍ നല്‍കുമ്പോള്‍, റമദാന്‍ മാസത്തില്‍ ദാനധര്‍മാതികള്‍ക്ക് നീട്ടിവച്ച തുകയിലൊരു പങ്ക് ദുരിതാസ്വാസനിധിക്ക് നല്‍കുന്നവരുമുണ്ട്. പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി തന്‍റെ പെന്‍ഷന്‍ തുക നല്‍കിയ അമ്മയുടെ കഥ നമ്മള്‍ ഇന്നലെ കണ്ടതാണ്. ഇന്നുണ്ടായ അനുഭവമുണ്ട്. തന്‍റെ ആടിനെ വിറ്റ് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടെ അനുഭവം. അവര്‍ ചെറിയ ചായക്കച്ചവടം നടത്തുകയാണ്. അവര്‍ക്ക് ആടിനെ വിറ്റുകിട്ടിയ തുകയില്‍ അത്യാവശ്യ കടംവീട്ടി ബാക്കിയുള്ള 5510 രൂപ അവര്‍ കൈമാറി. 

കുരുമുളക് വിറ്റ് പണം കൈമാറിയവരുണ്ട്. എന്തിനധികം പറയുന്നു, തങ്ങള്‍ക്ക് സ്പെഷ്യല്‍ മീല്‍ വേണ്ട എന്ന് വച്ചുകൊണ്ട്, അതിന്‍റെ തുക സന്തോഷപൂര്‍വം നല്‍കിയ ത്വക്ക് രോഗ ആശുപത്രിയിലെ അന്തേവാസികളുണ്ട്. ഇവരൊന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഇങ്ങനെ ചെയ്യുന്നത്. തിരിച്ചുകിട്ടും എന്നും പ്രതീക്ഷിച്ചല്ല. ഇത് മനോഭാവത്തിന്‍റെ പ്രശ്നമാണ്. ഏത് പ്രയാസ ഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസികാവസ്ഥയാണ് നമ്മമുടെ നാട്ടിലെ ആബാലവൃന്ധത്തെയും നയിക്കുന്നത്. 

സഹജീവി സ്നേഹം വേണ്ടുവോളം ഉള്ളവര്‍ തന്നെയാണ് നമ്മുടെ ജീവനക്കാരും അധ്യാപകരും. കൊവിഡ് 19 പ്രതിരോധത്തില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരേ മനസോടെ ഉദ്യോഗസ്ഥ സമൂഹം പ്രതിരോധത്തില്‍ പങ്കാളികളാകുന്നുണ്ട്. അവര്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് നല്ല ഗ്രാഹ്യമുണ്ടാകും. അതുകൊണ്ടാണ് അവര്‍ സ്വയം അറിഞ്ഞ് നല്‍കാന്‍ തയ്യാറായത്. പ്രളയസമയത്തും സാലറി ചലഞ്ച് ഏറ്റെടുത്ത് ആയിരങ്ങള്‍ എത്തിയിരുന്നു. ഇത്തവണം സംസ്ഥാനവും, രാജ്യവും, ലോകവും നേരിടുന്ന പ്രതിസന്ധിയുണ്ട്. 

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്‍റെ പശ്ചാത്തലത്തിലാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കണമെന്ന് ഉത്തരവിറക്കിയത്. അതും സമ്മതിക്കില്ല എന്നതാണ് ഒരു ന്യൂനപക്ഷത്തിന്‍റെ കാഴ്ചപ്പാട്. അതിന്‍റെ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നത്. വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മള്‍ക്കിടയിലുണ്ടെന്ന് ഇത്തരം എതിര്‍പ്പുള്ളവര്‍ ഓര്‍ക്കണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട് എന്നതും ഓര്‍ക്കണം.  കഴിഞ്ഞ പ്രതിസന്ധി ഘട്ടത്തിലെല്ലാം നിശ്ചയദാര്‍ഢ്യത്തോട സഹായം നല്‍കാന്‍ മുന്നോട്ടുവന്നത് നമ്മുടെ വയോധികരായിരുന്നു. ഒരു മാസത്തെയന്നല്ല, ഒരു വര്‍ഷത്തെ തന്നെ പെന്‍ഷന്‍ കൈമാറിയവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!