ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, മുൻകരുതലുകൾ ഉറപ്പുവരുത്തണം, ശസ്ത്രക്രിയകൾ പുനഃരാരംഭിച്ചതായും മുഖ്യമന്ത്രി

Web Desk   | Asianet News
Published : Apr 25, 2020, 06:06 PM ISTUpdated : Apr 25, 2020, 06:20 PM IST
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, മുൻകരുതലുകൾ ഉറപ്പുവരുത്തണം, ശസ്ത്രക്രിയകൾ പുനഃരാരംഭിച്ചതായും മുഖ്യമന്ത്രി

Synopsis

സ്വകാര്യ ആശുപത്രികളിൽ വൈറസ് സംശയിക്കുന്ന രോഗികള്‍ ഉണ്ടെങ്കില്‍ അവരെ പരിശോധിക്കാനുള്ള സൗകര്യം വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ സാധാരണ രീതിയിലുള്ള ചികിത്സകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആർസിസി ഉൾപ്പടെയുള്ള ആശുപത്രികളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ശസ്ത്രക്രിയകളും ആരംഭിച്ചിട്ടുണ്ട്. ആർസിസിയിൽ ശസ്ത്രിയ്ക്ക് മുൻപ് കൊവിഡ് പരിശോധന നടത്തും. തിരു. മെഡിക്കൽ കോളേജിലായിരിക്കും പരിശോധന നടത്തുക.

കാരുണ്യ ആരോഗ്യ രക്ഷാ പദ്ധതിയുടെ അംഗങ്ങളായ ക്യാന്‍സര്‍ രോഗികള്‍ക്ക് ജില്ലാ ആശുപത്രികളിൽ മരുന്ന് ലഭ്യമല്ലെങ്കില്‍ ആര്‍സിസിയില്‍ നിന്ന് എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരാണെങ്കില്‍ പണം അടച്ച് മരുന്ന് വാങ്ങാവുന്നതാണ്.ആര്‍സിസിയില്‍ എത്താന്‍ കഴിയാത്തവര്‍ ഡോക്ടറുടെ കുറിപ്പടിയും രേഖകളും വിലയും അയച്ചാല്‍ ഫയര്‍ ഫോഴ്സ് സന്നദ്ധസേന മുഖേന 
മരുന്ന് എത്തിച്ചു നല്‍കും.

സ്വകാര്യ ആശുപത്രികളില്‍ ഉൾപ്പടെ ആളുകൾ വരുന്നുണ്ടെന്നും ചെറിയ തോതില്‍ തിരക്കുകൾ അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും എടുക്കേണ്ട മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിൽ വൈറസ് സംശയിക്കുന്ന രോഗികള്‍ ഉണ്ടെങ്കില്‍ അവരെ പരിശോധിക്കാനുള്ള സൗകര്യം വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങൾ അനുസരിച്ചാകണം ആശുപത്രി മേധാവികള്‍ ഇവ നടപ്പാക്കേണ്ടത്.

ചില സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ സുരക്ഷാ സാമഗ്രഹികളോ ഇല്ലെന്ന പരാതികൾ ഉയരുന്നുണ്ട്. എല്ലാവർക്കും ചികിത്സ ലഭ്യമാക്കണമെന്നാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അത് സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ്. ഇത്തരം കാര്യങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് പൊതുവെ നല്ല സഹകരണമാണ് ഉണ്ടാകുന്നത്. ഇതിന് വിരുദ്ധമായ സമീപനം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

Read Also: സംസ്ഥാനത്ത് നിബന്ധനകളോടെ ഇളവുകൾ; തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ കടകൾ തുറക്കാം

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും