'ഓ​ഗസ്റ്റിൽ അതിവർഷ സാധ്യത'; വെള്ളപ്പൊക്കം ഉണ്ടായാൽ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 14, 2020, 7:07 PM IST
Highlights

കൊവിഡ് 19 ഭീഷണിയുള്ളതിനാൽ വെള്ളപ്പൊക്ക കാലത്ത് ഒഴിപ്പിക്കുന്നവരെ ഒന്നിച്ച് പാർപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരും എന്നാണ് സർക്കാർ കരുതുന്നത്.

തിരുവനന്തപുരം: ഓ​ഗസ്റ്റിൽ അതിവർഷത്തിന് സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കം ഉണ്ടായാൽ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ലെന്നും നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് അടക്കം വേറെ കെട്ടിടം വേണം. വെള്ളപ്പൊക്കം ഉണ്ടായാൽ 27,000 ലധികം കെട്ടിടങ്ങൾ‌‍‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇടുക്കി ഉൾപ്പെടെയുള്ള വലിയ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡിനെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ട് അടിയന്തിര തയ്യാറെടുപ്പ് നടത്തും. കാലവർഷ കെടുതി നേരിടുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയ്യാറാക്കിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ക്വാറന്റൈൻ സംവിധാനത്തിനായി 27000 കെട്ടിടങ്ങൾ സർക്കാർ കണ്ടെത്തി. അതിൽ രണ്ടര ലക്ഷം മുറികൾ ശുചിമുറിയുള്ളതാണ്. ഇതിന് സമാന്തരമാണ് വെള്ളപ്പൊക്കത്തിനെ നേരിടാനുള്ള വെല്ലുവിളി. ഏത് മോശമായ സാഹചര്യത്തെയും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂ. കൊവിഡ് 19 ഭീഷണിയുള്ളതിനാൽ വെള്ളപ്പൊക്ക കാലത്ത് ഒഴിപ്പിക്കുന്നവരെ ഒന്നിച്ച് പാർപ്പിക്കാനാവില്ല. നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരും എന്നാണ് സർക്കാർ കരുതുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും രോഗികൾക്കും പ്രത്യേക കെട്ടിടം. കൊവിഡ് ലക്ഷണമുള്ളവർക്ക് പ്രത്യേക കെട്ടിടം, ക്വാറന്റീനിലുള്ളവർക്ക് മറ്റൊരു കെട്ടിടം. ഇത്തരത്തിൽ നാല് വിഭാ​ഗം കെട്ടിടം വേണ്ടിവരും എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് ചേർന്ന ഉന്നതതല യോ​ഗം സ്ഥിതി​ഗതികൾ വിലയിരുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ നദികളിലും തോടുകളിലും ചാലുകളിലും എക്കൽ മണ്ണും മറ്റും നീക്കാൻ നടപടികൾ ആരംഭിച്ചു. ബാക്കിയുള്ള പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കും. അണക്കെട്ടുകളുടെ സ്ഥിതിയും വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള വലിയ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ല. സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അടിയന്തിരമായി ദുരന്ത പ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

click me!