മുഖ്യമന്ത്രി സഹായം തേടി; മലമ്പുഴ മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈന്യമെത്തുന്നു

Published : Feb 08, 2022, 07:45 PM ISTUpdated : Feb 08, 2022, 07:50 PM IST
മുഖ്യമന്ത്രി സഹായം തേടി; മലമ്പുഴ മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈന്യമെത്തുന്നു

Synopsis

ബെംഗളൂരുവിലെ പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍  ഉടന്‍ പുറപ്പെടും. വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ സുലൂരില്‍ എത്തിക്കും.  

തിരുവനന്തപുരം: മലമ്പുഴ (Malampuzha)  ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബെംഗളൂരുവിലെ പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍  ഉടന്‍ പുറപ്പെടും. വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.

കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണില്‍ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നാളെ പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്.  കരസേനയുടെ ദക്ഷിണ്‍ ഭാരത് ജിഒസി അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 

ഇന്നലെയാണ് ആര്‍ ബാബു എന്ന യുവാവ് മലയിലെ പാറയിടുക്കില്‍ കുടുങ്ങിയത്. 31 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല.

ബാബുവും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കള്‍ തിരിച്ചു ഇറങ്ങുകയും ഇയാള്‍ മലയില്‍ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാന്‍ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവര്‍ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി.ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.

കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.

എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് GOC അരുണിന്റെ നേത്രത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്
വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ