
മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ (89) അന്തരിച്ചു (M Gangadharan). പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. മലബാര്‍ കലാപത്തെക്കുറിച്ചടക്കമുള്ള പല വിഷയങ്ങളിലും മലയാളിയുടെ കണ്ണ് തുറപ്പിച്ച ചരിത്രകാരനായിരുന്നു ഡോ. എം ഗംഗാധരന്‍. മലപ്പുറത്തെക്കുറിച്ചടക്കം രാജ്യത്ത് പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ തിരുത്തിയത് ഗംഗാധരന്റെ കണ്ടെത്തലുകളായിരുന്നു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ലാണ് എം ഗംഗാധരന്റ ജനനം. 1954ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരിക്കേ അധ്യാപക ജോലിയിലേക്ക് തിരിഞ്ഞു. . കോഴിക്കോട് ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജടക്കം വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി. ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പഠനങ്ങളെഴുതി. മലബാര്‍ റെബല്യന്‍ 1921-22 എന്ന അദ്ദേഹത്തിന്റെ പഠനം മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന്് വിലയിരുത്തി.
അതേവരെ അഭ്യൂഹങ്ങളും കെട്ടുകഥകളിലും ചുറ്റിപ്പിണഞ്ഞ് കിടന്ന മലബാര്‍ കലാപത്തെ ആധികാരികമായി രേഖകള്‍ സഹിതം വിലയിരുത്തി. അതേസമയം അതിലെ വര്‍ഗീയമായ ദിശതെറ്റലും ചൂണ്ടിക്കാട്ടി. ഇത് കൂടാതെ മാപ്പിള പഠനങ്ങള്‍ എന്ന പുസ്തകത്തിലും അദ്ദേഹം മലബാറിലെ മാപ്പിളമാരെക്കുറിച്ച് വിശദമായ പഠനങ്ങള്‍ അവതരിപ്പിച്ചു. രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹം നേടി. കേരളത്തിലെ ചരിത്രകാരന്‍മാരിലെ മതേതര മുഖമായിരുന്നു അദ്ദേഹം. മിക്ക ചരിത്ര വിഷയങ്ങളിലെ തര്‍ക്കങ്ങളിലും അദ്ദേഹം നല്‍കിയ വിവരങ്ങളാണ് വഴികാട്ടിയായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam