'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായാവസ്ഥ കാണിച്ചെന്നും വിമർശനം

Published : Apr 02, 2026, 12:40 PM IST
pinarayi pisharadi

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി. ഇത് ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തിൽ കോൺഗ്രസ് നിസ്സഹായാവസ്ഥ കാണിച്ചുവെന്നും വിമർശിച്ചു. സംഭവം ജനാധിപത്യ വിരുദ്ധമാണെന്നാണ് പിഷാരടി പ്രതികരിച്ചത്

കോഴിക്കോട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.

ജനാധിപത്യ വിരുദ്ധമെന്ന് പിഷാരടി

ഇന്നലെ രാത്രിയോടെയാണ് പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബി ജെ പി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് വ്യക്തമാക്കി പിന്നാലെ പിഷാരടി രംഗത്തെത്തിയിരുന്നു. ബി ജെ പി നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി വിമർശിച്ചിരുന്നു. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വനിത ലീ​ഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്; 'വനിത ലീ​ഗിന് പാർട്ടിയിൽ കടുത്ത അവ​ഗണന'; പാര്‍ട്ടി വിടില്ലെന്നും പ്രതികരണം
എഫ്സിആർഎ ബിൽ സമവായത്തിലൂടെ മാത്രം; ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ