ഏഷ്യാനെറ്റ് ന്യൂസ് 'അഗോറ'യുടെ രണ്ടാം ദിനം വൈവിധ്യമാർന്ന ചർച്ചകളാൽ സമ്പന്നമായി. എല്ലാ എസ്എംഎ രോഗികൾക്കും സൗജന്യ മരുന്ന് നൽകുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമായി. ജനിതകശാസ്ത്രം, സിനിമയിലെ എഐ, കാലാവസ്ഥ തുടങ്ങിയവിഷയങ്ങളാണ് ചർച്ചയായത്

തിരുവനന്തപുരം: ആഴമേറിയ സംവാദങ്ങളും നിറഞ്ഞ ജനപങ്കാളിത്തവുമായി ഏഷ്യാനെറ്റ് ന്യൂസ് 'അഗോറ'യുടെ രണ്ടാം ദിനം സജീവമായി. പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംവാദത്തിൽ, പ്രായപരിധിയില്ലാതെ എല്ലാ എസ് എം എ (SMA) രോഗികൾക്കും സർക്കാർ സൗജന്യമായി മരുന്ന് നൽകുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രഖ്യാപിച്ചത് കേരള ജനതയുടെ കയ്യടി നേടുന്നതായി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ ആരോഗ്യവകുപ്പ് ഏറ്റെടുത്തതെന്നും, നിലവിലെ ആരോഗ്യ സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് സിസ്റ്റം ശരിയാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വേദിയിൽ വ്യക്തമാക്കി.

ആശയങ്ങളുടെ മഹോത്സവത്തിന് നാളെ സമാപനം

ചരിത്രം, സിനിമ, ആരോഗ്യം, കാലാവസ്ഥ, എ ഐ, ബിസിനസ്, പാചകം, മരങ്ങൾ, ഷഡ്പദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളാണ് രണ്ടാം ദിനത്തിലെ വേദികളെ സമ്പന്നമാക്കിയത്. മലയാള സിനിമയുടെ ഭാവിയും നിർമ്മിതബുദ്ധി (AI) സിനിമയിലുണ്ടാക്കുന്ന സ്വാധീനവും സംവിധായകൻ മഹേഷ് നാരായണനും ശ്യാം മോഹനും ചർച്ച ചെയ്തു. പരിണാമത്തിന്റെ ഭാവി ലാബിൽ തീരുമാനിക്കപ്പെടുന്ന കാലത്തിന്റെ സാധ്യതകളും വെല്ലുവിളികളും ജനിതക ശാസ്ത്രജ്ഞൻ ഏഡ്രിയൻ വൂൾഫ്സൺ പങ്കുവെച്ചു; വേണമെങ്കിൽ നിയാണ്ടർതാലുകളെപ്പോലും തിരിച്ചെത്തിക്കാമെന്നും, എന്നാൽ ഏകാധിപതികൾ അവർക്കിഷ്ടമുള്ള ജനതയെ സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

മഴയ്ക്കൊപ്പം ആശയങ്ങളും പെയ്തിറങ്ങിയ വേദിയിൽ എൽനിനോ കാലാവസ്ഥാ മാറ്റങ്ങളും രുചിക്കൂട്ടിന്റെ വർത്തമാനങ്ങളും ചർച്ചയായി. സ്മാർട്ട് പൊലീസിംഗ്, സംസ്ഥാനത്തിന്റെ ഖജനാവ് നിറയാനുള്ള വഴികൾ, റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയോടൊപ്പം പെൺചിരികളും പെൺ എഴുത്തും സജീവ സംവാദങ്ങൾക്ക് വഴിയൊരുക്കി. പകൽ മുഴുവൻ നീണ്ടുനിന്ന ആശയവിനിമയങ്ങൾക്ക് പിന്നാലെ, വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിന്റെ മനം നിറച്ച് പ്രശസ്ത സംഗീത ബാൻഡായ 'അഗം' അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ആശയങ്ങളുടെയും ചിന്തകളുടെയും ഈ മഹോത്സവത്തിന് നാളെ സമാപനമാകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player