ലോക കേരള സഭ ആരംഭശൂരത്വമല്ല: മുഖ്യമന്ത്രി, രാഹുലിന്‍റെ കത്തിൽ പ്രതിപക്ഷം വെട്ടിൽ

By Web TeamFirst Published Jan 2, 2020, 10:09 AM IST
Highlights

ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വലിയൊരു മലയാളി കുടുംബം പോലെ എല്ലാവരേയും ഒരുമിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യവും കരുതലും.

തിരുവനന്തപുരം: നാടെന്ന നിലയിൽ കേരളത്തിനും അത് പോലെ പ്രവാസികൾക്കും ഈടുറ്റ പ്ലാറ്റ് ഫോമാണ് ലോക കേരള സഭയിലൂടെ സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വലിയൊരു മലയാളി കുടുംബം പോലെ എല്ലാവരേയും ഒരുമിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യവും കരുതലുമെന്ന് തിരുവനന്തപുരത്ത് നടന്ന രണ്ടാം ലോക കേരള സഭയുടെ പ്രതിനിധി സഭയുടെ ഉദ്ഘാടന ചടങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞു.  

സാങ്കൽപികം എന്നതിൽ ഉപരി ലോക കേരള സഭയെ അതിന്‍റെ പ്രായോഗിക തലത്തിലേക്ക് രൂപപ്പെടുത്തിയെടുക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു സര്‍ക്കാര്‍ ഇടപെടലുകളെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സെക്രട്ടേറിയറ്റും സ്റ്റാന്റിംഗ് കമ്മിറ്റിയും എല്ലാം രൂപീകരിച്ചത് ഇതിനായാണ്. കേരള വികസന ഫണ്ട്, പ്രവാസി നിക്ഷേപം, സുരക്ഷ , പുനരധിവാസം, ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാസി പ്രശ്നങ്ങൾ എന്നിവയിലൊക്കെ ക്രിയാത്മക നിര്‍ദ്ദേശങ്ങളും കര്‍മപദ്ധതികളും ഉണ്ടായത് അഭിമാനകരമാണെന്നും പിണറായി വിജയൻ പറഞ്ഞു.  

ലോകത്ത് 31 ലക്ഷം പ്രവാസി മലയാളികളുണ്ട്. കുടുംബങ്ങളുടെ കണക്കെടുത്താൽ അത് അരക്കോടിയിലധികം വരും. വലിയൊരു മലയാളി കുടുംബം പോലെ ഇവരെ എല്ലാം ഒരുമിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യവും കരുതലും. ലോക കേരള സഭയെന്നാഷൽ വെറും ആരംഭശൂരത്വം ആയിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം:  പ്രതിപക്ഷത്തിന്‍റെ എതിർപ്പിനിടെ ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുൽ, നന്ദിയെന്ന് മുഖ്യമന്ത്രി

രണ്ട് സമ്മേളനങ്ങൾക്കിടയിൽ രണ്ട് വലിയ ദുരന്തങ്ങളെ കേരളം അതിജീവിച്ചു. പ്രളയവും വെള്ളപ്പൊക്കവും ഓഖിയും നിപയും എല്ലാം നേരിടേണ്ടി വന്നു. 31000 കോടി രൂപയുടെ നഷ്ടമാണ് പ്രളയം കേരളത്തിൽ ഉണ്ടാക്കിയത്. അത് കാലം കൊണ്ട് പരിഹരിക്കാം. നഷ്ടപ്പെട്ട ജീവനുകളെ ഒരിക്കലും നികത്താനുമാകില്ല. കൊടിയ നഷ്ടത്തിൽ കേരളത്തിന്‍റെ കണ്ണീരൊപ്പാൻ ലോക കേരള സഭ ഒപ്പം നിന്നു. തുടക്കത്തിൽ ആളും അര്‍ത്ഥവും കൊണ്ട് സഹായമെത്തിച്ചു. സോഷ്യൽ മീഡിയയും ഇലട്രോണിക് മാധ്യമങ്ങളും വഴി സഹായിച്ചവര്‍ വരെ കൂട്ടത്തിലുണ്ട്. ലോക കേരളസഭയുടെ കരുണയും കരുതലും ഒരുകാലത്തും മറക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ലോക കേരള സഭ ധൂര്‍ത്താണെന്ന് ആരോപിച്ച് സമ്മേളന നടപടികൾ ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. യുഡിഎഫ് അംഗങ്ങൾ ലോക കേരള സഭയിൽ നിന്ന് രാജി വക്കുകയും ചെയ്തിട്ടുണ്ട്.  അതിനിടെ രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് രേഖപ്പെടുത്തി രാഹുൽ ഗാന്ധി അയച്ച കത്തും വിവാദമായി. രാഹുൽ ഗാന്ധിയുടെ അഭിനന്ദന സന്ദേശം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തതോടെയാണ് പ്രതിപക്ഷം വെട്ടിലായത്. 

തുടര്‍ന്ന് വായിക്കാം:  കത്തയച്ചത് മഹാമനസ്‍കത, വിവാദത്തിലേക്ക് രാഹുലിനെ വലിച്ചിഴക്കരുത്: കെ സി വേണുഗോപാൽ

കേരള പുനര്‍നിര്‍മ്മാണ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. മുൻപെങ്ങും കാണാത്ത വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ മൂന്നര വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്നതെന്നും ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.  ഇനി ഒരു ദുരന്തത്തിനും തകര്‍ക്കാൻ കഴിയാത്ത വിധം ആണ് കേരളം പുനര്‍നിര്‍മ്മിക്കുന്നത്. വലിയ സഹായവും സഹകരണവും പ്രവാസികളിൽ നിന്ന് ഉണ്ടാകണം. സാങ്കേതിക വൈദഗ്ധ്യത്തിലടക്കമുള്ള സഹായമാണ് പ്രതീക്ഷിക്കുന്നത്. 

പ്രവാസി നിക്ഷേപത്തിന്‍റെ കാര്യത്തിൽ ലോക കേരള സഭ സംസ്ഥാനത്ത് ഉണ്ടാക്കിയത് വൻ മുന്നേറ്റമാണ്. പ്രവാസി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച സ്ഥിതിവിവര കണക്ക് ഉണ്ടാക്കുകയാണ്. ഗൾഫ് കുടിയേറ്റത്തിൽ കുറവ് ഉണ്ടാകുന്നുണ്ട്. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായതെങ്കിലും പ്രവാസി നിക്ഷേപത്തിന്‍റെ കാര്യത്തിൽ വലിയ കുതിച്ച് ചാട്ടമാണ് സംസ്ഥാനത്തുള്ളത്. വിശ്വസിക്കാൻ കഴിയുന്ന നിക്ഷേപ കേന്ദ്രമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

പ്രവാസികളുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്യപരമായ സമീപനമല്ല. പ്രവാസി ക്ഷേമത്തിനുള്ള നിയമനിർമ്മാണത്തിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ദേശീയ കുടിയേറ്റ നയം കേന്ദ്രത്തെ കൊണ്ട് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തണം. കേന്ദ്രം ശ്രദ്ധിക്കാത്ത തലങ്ങളിൽ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസം ഇപ്പോഴും വലിയ പ്രശ്നമായി സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ട്. ലോക കേരളസഭ അടിയന്തരമായി ശ്രദ്ധക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ദേശിയ കുടിയേറ്റ നയം ഉണ്ടാക്കിയെടുക്കുക എന്നതിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!