'എന്തുകൊണ്ട് പൗരത്വ പ്രമേയത്തെ എതിർത്ത് കൈ പൊക്കിയില്ല', വിശദീകരിച്ച് ഒ രാജഗോപാൽ

Web Desk   | Asianet News
Published : Jan 02, 2020, 09:29 AM ISTUpdated : Jan 02, 2020, 09:33 AM IST
'എന്തുകൊണ്ട് പൗരത്വ പ്രമേയത്തെ എതിർത്ത് കൈ പൊക്കിയില്ല', വിശദീകരിച്ച് ഒ രാജഗോപാൽ

Synopsis

പൗരത്വ നിയമഭേദഗതിക്ക് എതിരായി കേരള നിയമസഭ പ്രമേയം പാസ്സാക്കിയപ്പോൾ ഏക ബിജെപി അംഗമായ നേമം എംഎൽഎ ഒ രാജഗോപാൽ എതിർത്ത് കൈ പൊക്കാതിരുന്നതും വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതും ഭരണപക്ഷത്തെപ്പോലും അമ്പരപ്പിച്ചിരുന്നു. 

തിരുവനന്തപുരം: നിയമസഭയിൽ പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിൽ എതിർത്ത് കൈപൊക്കാതിരുന്നതിനും, വോട്ടെടുപ്പ് തേടാതിരുന്നതിനും വിശദീകരണവുമായി സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ. 

മനഃപൂർവ്വമാണ് വോട്ടെടുപ്പ് ചോദിക്കാത്തതെന്ന് ഒ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ 139 പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് തോന്നിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് ആനുകൂല്യം ഇല്ലാതാകുന്നതിൽ വിഷമമുള്ളതിനാലാണ്, ആ പ്രമേയത്തെ എതിർക്കാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ, 140 പേരുടെയും പിന്തുണയെന്ന് കാട്ടി, ഏകകണ്ഠേന പാസ്സായെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ കൈ പൊക്കാതിരുന്നത് ഭരണപക്ഷത്തെയും കോൺഗ്രസടക്കമുള്ള ബിജെപി ഇതര പ്രതിപക്ഷത്തെയും അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരുന്നു. പ്രമേയത്തെ എതിർത്ത് പ്രസംഗിച്ചെങ്കിലും വോട്ടെടുപ്പ് നടക്കുമ്പോൾ ഒ രാജഗോപാൽ അഭിപ്രായം പറഞ്ഞില്ല. ബിജെപി അംഗം മിണ്ടാതിരുന്നതോടെ പ്രമേയം ഏകകണ്ഠമായി പാസ്സാവുകയായിരുന്നു. രാജഗോപാലിന്‍റെ വിശദീകരണമിങ്ങനെയാണ്:

''എന്തിനാണ് ഇതിൽ വോട്ടെടുപ്പ് ചോദിക്കുന്നത്? അത് വെറും സമയം പാഴാക്കലല്ലേ? രണ്ട് മുന്നണികളും ഒരുമിച്ച് നിന്ന് പ്രമേയത്തെ പിന്തുണയ്ക്കുകയാണ്. അതിൽ മറുവശത്ത് ഞാനൊരാൾ മാത്രമാണുള്ളത്. ഇതിൽ വോട്ടെടുപ്പ് ചോദിച്ച് ഞാൻ വെറുതെ പരിഹാസ്യനാവേണ്ട കാര്യമില്ലല്ലോ. ഈ നാടകത്തിന്‍റെ അർത്ഥമെന്താണ്? അത് മനഃപ്പൂർവമാണ് വോട്ടെടുപ്പ് ചോദിക്കാതിരുന്നത്. അബദ്ധത്തിലല്ല'', എന്ന് ഒ രാജഗോപാൽ. 

ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെയുള്ള പ്രമേയത്തിലും രാജഗോപാൽ എതിർത്ത് വോട്ട് ചെയ്തിരുന്നില്ല. അതിനെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെ:

''ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനുള്ള ആനുകൂല്യമല്ലേ അത്. അത് ഒഴിവാക്കുന്നത് കഷ്ടമല്ലേ, എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു എന്ന് മാത്രം''

മുഖ്യമന്ത്രിക്കെതിരെ ബിജെപി അംഗം രാജ്യസഭയിൽ നൽകിയ അവകാശ ലംഘനനോട്ടീസ് നിലനിൽക്കുന്നതാണെന്നും രാജഗോപാൽ വിശദീകരിച്ചു.

''നിയമസഭയിൽ അദ്ദേഹത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. പക്ഷേ നിയമം ലംഘിക്കാൻ അവകാശമില്ല. പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കാൻ അവകാശമില്ല. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാനുള്ള ചുമതലയുള്ള മുഖ്യമന്ത്രി തന്നെയാണിത് ചെയ്യുന്നത്. അദ്ദേഹം ആഭ്യന്തരമന്ത്രിയല്ലേ, ആ ജോലി അദ്ദേഹം ചെയ്യുന്നുണ്ടോ?'', എന്ന് ഒ രാജഗോപാൽ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല