Asianet News MalayalamAsianet News Malayalam

കത്തയച്ചത് മഹാമനസ്‍കത, വിവാദത്തിലേക്ക് രാഹുലിനെ വലിച്ചിഴക്കരുത്: കെ സി വേണുഗോപാൽ

ജനപ്രതിനിധിയുടെ മര്യാദമാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിനെ വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായില്ലെന്ന് കെ സി വേണുഗോപാൽ. 

K. C. Venugopal against pinarayi vijayan on rahul gandhi loka kerala sabha controversy
Author
Trivandrum, First Published Jan 2, 2020, 9:49 AM IST

തൃശൂര്‍: പ്രവാസി കേരളീയരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ വിവാദമാക്കേണ്ട ഒരു കാര്യവും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കത്തയച്ചത് രാഹുൽ ഗാന്ധിയുടെ മഹാമനസ്കതയാണ്. ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ മര്യാദയെ വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായില്ലെന്നും കെസി വേണുഗോപാൽ തൃശൂരിൽ പറഞ്ഞു. 

കോൺഗ്രസിന് രണ്ട് നിലപാടില്ല. സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞിട്ടുമില്ല. സംസ്ഥാ നേതൃത്വത്തിന്‍റെ നിലപാടിന് ഒപ്പം തന്നെയാണ് കേന്ദ്ര നേതൃത്വവും നിലകൊള്ളുന്നതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. 

ലോകകേരളസഭ വെറും ധൂർത്തും കാപട്യവുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമ്പോഴാണ് രാഹുൽ ഗാന്ധി എംപി ഇതിനെ അഭിനന്ദിച്ച് രംഗത്തുവരുന്നത്. രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്.

Read more at: പ്രതിപക്ഷത്തിന്‍റെ എതിർപ്പിനിടെ ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുൽ, നന്ദിയെന്ന് മുഖ്യമന്ത്രി

രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് ഡിസംബർ 12-നാണ്. പ്രതിപക്ഷം ലോകകേരള സഭ ബഹിഷ്കരിക്കാൻ തീരുമാനിക്കുന്നത് അതിന് ശേഷമാണെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ് ചൂണ്ടിക്കാട്ടുന്നു. ക്ഷണക്കത്തിനുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു രാഹുലിന്‍റേതെന്നും കെ സി ജോസഫ്. 

ജനുവരി ഒന്ന് മുതൽ മൂന്ന് വരെ പ്രവാസികേരളീയരെ അണിനിരത്തിയുള്ള ലോകകേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. കഴിഞ്ഞ വർഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. പിന്നീട് ആന്തൂരിലെ പ്രവാസിസംരംഭകനായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലോകകേരളസഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത ധൂർത്തും കാപട്യവുമാണ് ലോകകേരള സഭയെന്നാണ് ചെന്നിത്തലയും പ്രതിപക്ഷവും ആരോപിച്ചത്.

എന്നാൽ ലോകകേരള സഭയെ സ്ഥിരം സംവിധാനമാക്കാനുള്ള നീക്കങ്ങളിലാണ് സംസ്ഥാനസർക്കാർ. ലോകകേരസഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് ഇന്നലെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios