അന്താരാഷ്ട്ര വാർത്താവിന്യാസത്തിന് ബദൽ വേണം: പിണറായി വിജയൻ

By Web TeamFirst Published Dec 30, 2019, 6:37 PM IST
Highlights

വികസ്വര രാജ്യങ്ങളുടെ ദേശീയ താൽപര്യത്തിന് വിരുദ്ധമായി അവിടത്തെ പൗരന്മാരുടെ ചിന്തയെ സ്വാധീനിക്കാനുള്ള ശ്രമം അത്തരം വാർത്തകളിലൂടെ ഉണ്ടാകുന്നു

തിരുവനന്തപുരം: വികസ്വര രാഷ്ട്രങ്ങളിലെ വാർത്താവിന്യാസത്തിൽ ഗുണകരമായ മാറ്റം വരുത്തുന്ന ബദൽ ക്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക്കറ്റ് ഹോട്ടലിൽ ലോക കേരള മാധ്യമ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി. സാമ്രാജ്യത്വ താൽപര്യമുള്ള രാജ്യങ്ങളിലെ വാർത്താ ഏജൻസികൾ തയ്യാറാക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ വാർത്തകളാണ് ഇന്ന് വികസ്വര രാജ്യങ്ങളിൽ പ്രചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

വികസ്വര രാജ്യങ്ങളുടെ ദേശീയ താൽപര്യത്തിന് വിരുദ്ധമായി അവിടത്തെ പൗരന്മാരുടെ ചിന്തയെ സ്വാധീനിക്കാനുള്ള ശ്രമം അത്തരം വാർത്തകളിലൂടെ ഉണ്ടാകുന്നു. സാമ്പത്തികവും സൈനികവും സാംസ്‌കാരികവുമായ കടന്നു കയറ്റമാണ് നടക്കുന്നത്. ഇതിൽ പതിയിരിക്കുന്ന ആപത്ത് മനസിലാക്കി ഒരു പുതിയ അന്താരാഷ്ട്ര വാർത്താ ക്രമം ഉണ്ടാകണം. അതിനുള്ള മുൻ കൈകളുണ്ടാകണം. അത്തരം ശ്രമമാണ് ലോകകേരള മാധ്യമ സഭയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവർത്തനം ചടുലവും മൂല്യാധിഷ്ഠിതവുമാകുന്നതിനുള്ള ആശയങ്ങൾ ചർച്ചയിലൂടെ ഉരുത്തിരിയണം. നവകേരളം നിർമിക്കുന്നതിന് പ്രവാസജീവിതത്തിലെ അനുഭവ സമ്പത്തും ചിന്തകളും ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും  വ്യക്തിമുദ്ര പതിപ്പിച്ച  മാധ്യമ പ്രവർത്തകർ സഭയിൽ പങ്കെടുക്കാനെത്തി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

ലോകകേരള സഭയുടെ സമീപന രേഖ പ്രകാശനം പ്രവാസി സംവിധായകൻ സോഹൻ റോയിക്ക് നൽകി മുഖ്യമന്ത്രി നിർവ്വഹിച്ചു. കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല സ്വാഗതവും കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. രണ്ടാം ലോകകേരള സഭയോടനുബന്ധിച്ചാണ് ലോകകേരള മാധ്യമ സഭ സംഘടിപ്പിച്ചത്.

click me!