സിഎജി സർക്കാരിന് മേൽ കടന്നുകയറുന്നു; പ്രമേയം ഇന്ന് സഭയിൽ, മുഖ്യമന്ത്രി അവതരിപ്പിക്കും

By Web TeamFirst Published Jan 22, 2021, 7:40 AM IST
Highlights

കഴിഞ്ഞ ദിവസം സിഎജി റിപ്പോർട്ടിനെ ചൊല്ലി സംസ്ഥാന നിയമസഭയിൽ ശക്തമായ വാഗ്വാദങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിലായിരുന്നു ഇത്

തിരുവനന്തപുരം: സിഎജിക്കെതിരെ ഇന്ന് നിയമസഭയിൽ ഭരണപക്ഷം പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിയായിരിക്കും പ്രമേയം അവതരിപ്പിക്കുക. കിഫ്ബിക്ക് എതിരായ റിപ്പോർട്ട് വഴി സിഎജി സംസ്ഥാന സർക്കാരിന് മേൽ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമർശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക.

കഴിഞ്ഞ ദിവസം സിഎജി റിപ്പോർട്ടിനെ ചൊല്ലി സംസ്ഥാന നിയമസഭയിൽ ശക്തമായ വാഗ്വാദങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിലായിരുന്നു ഇത്. ഭരണഘടന അനുച്ഛേദം 293 പ്രകാരം ഇന്ത്യക്ക് പുറത്തു നിന്നും കിഫ്ബിക്ക് വായ്പ എടുക്കാൻ ആകില്ലെന്ന് വിഡി സതീശൻ എംഎൽഎ വാദിച്ചു. ഭരണഘടന ലംഘിച്ചാണ് കിഫ്‌ബി വായ്പയെടുത്തത്. സർക്കാരിനെ സിഎജി അറിയിച്ചില്ലെന്ന ഐസകിന്റെ വാദം തെറ്റാണ്. സിഎജി റിപ്പോർട്ടിൽ തന്നെ കിഫ്‌ബിയുടെ വിശദീകരണം ഉണ്ട്. സിഎജിയും ധനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ എക്സിറ്റ് യോഗം ചേർന്നിട്ടുണ്ട്. യോഗത്തിന്റെ റിപ്പോർട്ട്‌ സിഎജി ധന വകുപ്പിന് അയച്ചിട്ടുണ്ട്. എന്നിട്ട് ധന മന്ത്രി കള്ളം പറയുന്നു. ഇത് കേന്ദ്രത്തിലെ മോദി സർക്കാരും സിഎജിയും ചേർന്ന് പിണറായി സർക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയല്ല. കേന്ദ്ര സർക്കാർ ബജറ്റിന് പുറത്തു വായ്പ എടുക്കുന്നതിനെതിരെ സിഎജി റിപ്പോർട്ട്‌ ചെയ്തിരുന്നു. അന്ന് കേന്ദ്ര ധനമന്ത്രി റിപ്പോർട്ട്‌ ചോർത്തി വാർത്ത സമ്മേളനം നടത്തിയില്ല. തെറ്റിന് മറ ഇടാൻ വേണ്ടി സിഎജിയെ മോശക്കാരാക്കുകയാണെന്നും സതീശൻ ആരോപിച്ചു.

സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് മറുപടിയിൽ പറഞ്ഞു. കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്‌ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. അടിയന്തിര പ്രമേയം ഇതോടെ തള്ളുകയായിരുന്നു.

click me!