ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'

Published : Feb 16, 2026, 07:25 PM IST
ALIN PINARAYI

Synopsis

മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

കോഴിക്കോട്: 10 മാസത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിന് പിന്നാലെ അവയവദാനത്തിലൂടെ കേരളത്തിന്‍റെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ ആലിൻ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും വേദനയിൽ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും മടത്തിയാണ് മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്തുന്നതാകും സർക്കാർ തീരുമാനം. കോഴിക്കോട്ടെ ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയും മുഖ്യമന്ത്രി ആലിന്‍റെ വേർപാടിലെ നൊമ്പരം പങ്കുവച്ചിരുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു. ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഥാപാത്രത്തിന്റെ ആഹാര്യം ശരിയായില്ല, തലയിൽ ഒരു പാളത്തൊപ്പി ആവാമായിരുന്നു', ഗോവിന്ദൻ മാഷ് ഒഴികെ സഹനടന്മാർ ആരും നന്നായില്ല, പരിഹസിച്ച് ജോയ് മാത്യു
'തോറ്റാൽപ്പിന്നെ വേറെ പദവിയുണ്ടാകില്ല': സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി കെ സി വേണുഗോപാൽ