'ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല, ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണത്'; ശ്രുതിക്ക് ആശംസയുമായി മുഖ്യന്ത്രി

Published : Dec 09, 2024, 05:00 PM IST
'ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല, ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണത്'; ശ്രുതിക്ക് ആശംസയുമായി മുഖ്യന്ത്രി

Synopsis

'ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു'.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. ക്ലര്‍ക്ക് തസ്തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണ്.  ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം
 

പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ ഇതിനായി ഒരുക്കുമെന്നത് ഈ സർക്കാർ നൽകുന്ന വെറും വാഗ്ദാനമല്ല, മറിച്ച് ആ മനുഷ്യർക്ക് നൽകുന്ന കരുത്തുറ്റ ഉറപ്പാണ്. 

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ശുചിമുറിയിൽ കുറിപ്പ്, ഇൻഡിഗോ വിമാനം അടിയന്തരമായി ലക്നൗവിൽ ഇറക്കി
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് പിന്നിൽ സിപിഎമ്മോ? സംശയിച്ച് കോണ്‍ഗ്രസ്, പാളയത്തില്‍ നിന്നുള്ള പണിയെന്നും വിമർശനം