ക്ലാസുകൾ എങ്ങനെയാകും? എല്ലാം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും; പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്‍റും ഇന്ന്

By Web TeamFirst Published Oct 6, 2021, 12:34 AM IST
Highlights

അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് പൊതു വിദ്യാഭ്യാസ - ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് കൈമാറിയ മാര്‍ഗരേഖയിൽ പറയുന്നത്

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ കൈമാറിയ ശുപാർശകൾ പരിശോധിച്ച് മുഖ്യമന്ത്രി ഇന്ന് അന്തിമ മാര്‍ഗരേഖ പുറത്തിറക്കും. നവംബര്‍ 1 ന് സ്കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. അതേസമയം തന്നെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റും ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് കിട്ടുന്നവർ നാളെ ( 7) മുതൽ പ്രവേശനം നേടണം.

അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് പൊതു വിദ്യാഭ്യാസ - ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് കൈമാറിയ മാര്‍ഗരേഖയിൽ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ലെന്നും മാർഗരേഖയില്‍ പറയുന്നു.

ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ രാവിലെയാണ് ക്ലാസുകൾ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം. സ്കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖ സവിസ്തരം പ്രതിപാദിക്കുന്നു.

ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്‍റര്‍വെല്‍ സ്കൂള്‍ ആരംഭിക്കുന്ന സമയം, സ്കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കണം. സ്കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിരിക്കണം. സ്കൂള്‍തല ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കും.

അതേസമയം പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട് മെന്‍റും ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് കിട്ടുന്നവർ നാളെ ( 7) മുതൽ പ്രവേശനം നേടണം. ആദ്യഘട്ട അലോട്ട്മെൻറ് തീർന്നപ്പോൾ കടുത്ത സീറ്റ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒന്നാം ഘട്ട അലോട്ട്മെൻറ് തീർന്നപ്പോൾ മെറിറ്റ് സീറ്റിൽ 52700 സീറ്റ് മാത്രമായിരുന്നു ബാക്കി. ആദ്യ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റിലേക്കും രണ്ടാം അലോട്ട്മെൻറും നടത്തും. രണ്ട് ഘട്ട അലോട്ട്മെൻറ് തീർന്നാൽ സ്ഥിതി പരിഗണിച്ച് സീറ്റ് കൂട്ടുന്നത് പരിഗണിക്കുമെന്ന് സർക്കാർ നിലപാട്.

click me!