സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു; ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Dec 11, 2020, 4:20 PM IST
Highlights

എം രവീന്ദ്രന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നായിരുന്നു ബോര്‍ഡിന്‍റെ വിലയിരുത്തൽ. വിദഗ്ധ പരിശോധനയിലും ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല. 

തിരുവനന്തപുരം: ഇഡിയുടെ ചോദ്യം ചെയ്യൽ നോട്ടീസിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഡിസ്ചാർജിന് ശേഷം രവീന്ദ്രന്‍ താമസ സ്ഥലത്തെത്തി. വെള്ളയമ്പലം ജവഹർ നഗറിലെ ഗസറ്റഡ് ഓഫീസേഴ്‌സ് ഫ്ലാറ്റിലാണ് രവീന്ദ്രനെത്തിയത്.

എം രവീന്ദ്രന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നായിരുന്നു ബോര്‍ഡിന്‍റെ വിലയിരുത്തൽ. വിദഗ്ധ പരിശോധനയിലും ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല. കഴുത്തിലെ ഡിസ്കിന് ചെറിയ പ്രശ്നമുണ്ട്. എന്നാല്‍ ശസ്ത്രക്രിയയോ ഫിസിയോ തെറാപ്പിയോ വേണ്ട. ഗുളികകള്‍ മാത്രമാണ് വഴി. ഒരാഴ്ച വിശ്രമിക്കണം. രണ്ടാഴ്ച കഴിഞ്ഞ് ആവശ്യമെങ്കില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കിലോ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലോ വീണ്ടുമെത്തി പരിശോധനകള്‍ നടത്താമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഇഡി നോട്ടീസ് നല്‍കിയതോടെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ മൂന്ന് തവണയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സയില്‍ പ്രവേശിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 
 

click me!