ഉത്തരങ്ങള്‍ ലഭിക്കാന്‍ അനേകം ചോദ്യങ്ങള്‍; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ വീണ്ടും

By Web TeamFirst Published Apr 20, 2020, 7:26 AM IST
Highlights

കൊവിഡ് അവലോകനത്തിന് ശേഷം, വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. സിപിഎം സെക്രട്ടറിയേറ്റ് നാളെ ചേരുന്ന സാഹചര്യത്തില്‍ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിണറായി വിജയന്റെ മറുപടി എന്താകുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാട് കത്തുന്നതിനിടെ അവസാനിപ്പിച്ച കൊവിഡ് പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനം ഇന്ന് വീണ്ടും തുടങ്ങും. കൊവിഡ് അവലോകനത്തിന് ശേഷം, വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. സിപിഎം സെക്രട്ടറിയേറ്റ് നാളെ ചേരുന്ന സാഹചര്യത്തില്‍ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിണറായി വിജയന്റെ മറുപടി എന്താകുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

നേരത്തെ, കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം ഇനി വാര്‍ത്താസമ്മേളനങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വാര്‍ത്താസമ്മേളനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോള്‍ കാണാമെന്നും പറഞ്ഞാണ് കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തിയത്.

വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് വാര്‍ത്താസമ്മേളനങ്ങള്‍ നിര്‍ത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം ആരോപിച്ചിരുന്നു. സ്പ്രിംക്ലര്‍ വിവാദം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സമയത്ത് ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാം ഐടി സെക്രട്ടറി പറയും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്ന് വൈകിട്ട് ഐടി സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പും ഇറങ്ങി.

എന്നാല്‍ വിവാദങ്ങള്‍ അവസാനിച്ചില്ല. സ്വകാര്യത സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തുടര്‍ച്ചയായി പ്രതിപക്ഷം ഉയര്‍ത്തി. അമേരിക്കയില്‍ ഡാറ്റാമോഷണത്തിന് കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംക്‌ളറെന്നും, ഐടി സെക്രട്ടറി ശിവശങ്കര്‍ സ്വകാര്യ കമ്പനിയുടെ ഏജന്റെന്നും വരെ ആരോപണങ്ങളുയര്‍ന്നു. എന്നാല്‍ കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കുകയുണ്ടായില്ല.

ഒടുവില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുമായി സ്പ്രിംക്ലറിന് ബന്ധമുണ്ടെന്ന ആരോപണവുമായി പിടി തോമസ് രംഗത്ത് വന്നു. ഇതടക്കമുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാന്‍ എത്തുന്നത്. കൊവിഡ് കാലത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

എന്നാല്‍, കേരള സര്‍ക്കാരിന്റെയും പിണറായി വിജയന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ കെ എം ഷാജി എംഎല്‍എയുമായി ബന്ധപ്പെട്ട പ്രശ്‌നവും സ്പ്രിംക്ലര്‍ വിവാദവും മാറി. കുടുംബത്തിന് നേര്‍ക്ക് വരെ എത്തിനില്‍ക്കുന്ന സ്പ്രിംക്ലര്‍ വിവാദത്തിലെ പിണറായി വിജയന്റെ രാഷ്ട്രീയ മറുപടി എന്താകുമെന്ന ആകാംക്ഷ രാഷ്ട്രീയകേരളത്തിനുണ്ട്. 

click me!