
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായി അക്രമത്തിനെതിരെയായാണ് കടുത്ത പ്രതിഷേധമുയരുന്നത്. മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബൽ പൂരിൽ സംഘര്‍ഷമുണ്ടാക്കിയത്. ദില്ലിയിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വിൽക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശിൽ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാൻ ശ്രമിച്ചു. കേരളത്തിൽ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ട് വന്നെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തൽ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വാര്‍ത്താസമ്മേളനത്തിനിടെ കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കിഫ്‌ബിയുടെ ഗ്യാരണ്ടിയേ കേരളത്തിന്റെ വായ്പയായി കാണുന്നു. ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തകർക്കുന്നു. അർഹമായ വിഹിതം നിഷേധിക്കുകയാണ് കേന്ദ്രം. കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കുന്നു. കേരളം കൈവരിച്ച നേട്ടങ്ങളെ ലഭിക്കേണ്ട സഹായം നിഷേധിക്കാൻ കേന്ദ്രം ഉപയോഗിക്കുകയാണ്. കേന്ദ്ര നയം മൂലം കേരളം നേരിടുന്നത് വലിയ സാമ്പത്തിക ഉപരോധമാണ്. കേരള ലോട്ടറിയ്ക്ക് വരെ അധികം നികുതി ചുമത്തി. കേന്ദ്രത്തിനെതിരെ ഒരുമിച്ച് ശബ്ദം ഉയരേണ്ടതുണ്ട്. എന്നാൽ, പ്രതിപക്ഷം സഹകരിക്കുന്നില്ല. കേന്ദ്രത്തിന് നിവേദനം നൽകാൻ പോലും തയാർ ആകുന്നില്ല. പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രശ്നം ഉന്നയിക്കുന്നില്ല. കേന്ദ്രത്തെ സഹായിക്കുന്ന രീതിയിലാണ് യുഡിഎഫ് എംപിമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആർ കരട് പട്ടികയിൽ 19 ലക്ഷത്തോളം പേർ പുറത്തായെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവർ പോലും ഒഴിവാക്കപ്പെടുന്നു. ചില ബൂത്തിൽ വ്യാപകമായ പുറത്താക്കൽ നടന്നു. കരട് വോട്ടർ പട്ടികയിൽ ഉൾപെടാത്തവർക്ക് ആയി സർക്കാർ വില്ലേജ് ഓഫീസിൽ ഹെല്പ് ഡെസ്ക് തുടങ്ങും. രണ്ട് ഉദ്യോഗസ്ഥർ ഉണ്ടാകും. ഉന്നതികളിൽ നേരിട്ട് എത്തുമെന്നും ആവശ്യമായ സഹായം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഫോട്ടോ പതിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊണ്ട് വരുമെന്നും ഇതിന് നിയമ പ്രാബല്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam