
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസിന് നിർദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കറുത്ത മാസ്‍ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ വിലക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായും ഡിജിപി വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും ഡിജിപി പറഞ്ഞു. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിതായും അനിൽകാന്ത് അറിയിച്ചു..
ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്. ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്ന നിർദേശമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. ചില നിക്ഷിപ്തതാത്പര്യക്കാരാണ് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരിൽ നടക്കുന്ന ഗ്രന്ഥശാല പ്രവർത്തക സംസ്ഥാന സംഗമത്തിൽ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
മാറ് മറയ്ക്കാനും വഴി നടക്കാനുമുള്ള അവകാശം സമരം ചെയ്ത് നേടിയെടുത്തതാണ് കേരളത്തിലുള്ള ഒരു വിഭാഗം ജനത. അങ്ങനെ സമരം ചെയ്ത ചരിത്രമുള്ള കേരളത്തിൽ ഇവിടെയെന്തോ വഴി തടയുകയാണ്എന്ന് പറയുന്ന കൊടുമ്പിരിക്കൊണ്ട പ്രചാരണം നടക്കുന്നു. ഈ നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല.
'ആരെയും വഴി തടയില്ല, കറുത്ത വസ്ത്രത്തിന് വിലക്കില്ല', വിശദീകരണവുമായി മുഖ്യമന്ത്രി
ഈ പരിപാടിയിൽ പങ്കെടുത്ത പലരും പല തരത്തിൽ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചാരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. നേരത്തേ മുട്ടിന് താഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്ന, മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്ന പലരും പല പോരാട്ടങ്ങളും കേരളത്തിൽ നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെ ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്ക് ധരിക്കരുത് എന്ന് കേരളത്തിലെ സർക്കാർ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്.