പൊടിയരിക്കഞ്ഞി കച്ചവടത്തിൽ നിന്ന് തലസ്ഥാനം നിയന്ത്രിച്ച അബ്കാരിയിലേക്ക്, ആരായിരുന്നു മണിച്ചൻ?

By Web TeamFirst Published Jun 13, 2022, 3:05 PM IST
Highlights

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചന്‍റെ തുടക്കം. പിന്നീട് വ്യാജ വാറ്റായി.

തിരുവനന്തപുരം: പൊടിയരി കഞ്ഞി കച്ചവടക്കാരനിൽ നിന്നും തലസ്ഥാനത്തെ നിയന്ത്രിച്ച അബ്കാരിയായി കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ചന്ദ്രനെന്ന മണിച്ചന്‍റെ വളർച്ച. ഭരണ-ഉദ്യോഗസ്ഥ വൃന്ദങ്ങളെ നിയന്ത്രിച്ചിരുന്ന മണിച്ചന്‍റെ വൻ വീഴ്ച പെട്ടെന്നായിരുന്നു. തുടര്‍ച്ചയായ 22 വ‍ർഷമാണ് മണിച്ചനെ മോചിപ്പിക്കണമെന്ന ശുപാർശ ജയിൽ ഉപദേശ സമിതി തള്ളിയത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചന്‍റെ തുടക്കം. പിന്നീട് വ്യാജ വാറ്റായി. ഒരിക്കൽ മണിച്ചന്‍ എക്സൈസിന്‍റെ പിടിയിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയിട്ടും വാറ്റ് തുടർന്നു. ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി മണിച്ചൻ നല്ല ബന്ധമുണ്ടാക്കി. ആന്‍റണി സർക്കാർ ചാരായം നിരോധിച്ചപ്പോള്‍ കള്ള് ഷാപ്പ് ലേലത്തിലേക്ക് മണിച്ചന്‍ നീങ്ങി. സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റെയ്ഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റെയ്ഞ്ചുകളും മണിച്ചന്‍റെ കീഴിലായി. കള്ളുഷാപ്പുകള്‍ വഴി വ്യാജ മദ്യം വിറ്റു. പൊലീസും എക്സൈസും മണിച്ചനെതിരെ അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരൻമാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി. തിരുവനന്തപുരം റെയ്ഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഒളിവിൽ പോയ മണിച്ചൻ ശത്രുക്കള്‍ക്കെതിരെ ഗൂഢാലോചന ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനായിരുന്നു ആ അഭിമുഖം നൽകിയത്.

Also Read: നായനാര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷമദ്യദുരന്തം, മണിച്ചൻ ഒടുവിൽ പിണറായി കാലത്ത് പുറത്തേക്ക്

പിന്നാലെ മണിച്ചനെ പൊലീസ് പിടികൂടി. മണിച്ചന്‍റെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമെല്ലാം കല്ലുവാതുക്കൽ കേസിൽ പ്രതിയായി. മണിച്ചന്‍റെ സാമ്രാജ്യം തകര്‍ന്നു. മണിച്ചന്‍റെ വീട്ടിൽ ഭൂഗർഭ അറകളുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് അന്വേഷണ സംഘം കണ്ടെത്തി. 2002 ജൂലൈ 16 കൊല്ലം സെഷൻസ് കോടതിയാണ് മണിച്ചനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മണിച്ചന്‍റെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചിരുന്നുവെങ്കിലും കൊലപാതക കുറ്റം എടുത്തുമാറ്റി. അബ്ദാരി നിയമപ്രകാരമുള്ള ശിക്ഷയാണ് തുടർന്ന് അനുഭവിച്ചത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ ജയിൽ വച്ച് വധിക്കാൻ ശ്രമിച്ച കേസിലും നാല് വ‍ർഷം മണിച്ചനെ ശിക്ഷിച്ചു.

പിന്നീട്, ജയിലിലെ നല്ല പുളളിയായ മണിച്ചനെ നെട്ടുകാൽത്തേരി തുറന്ന ജയിലേക്ക് മാറ്റി. ശിക്ഷ ഇളവിന് മണിച്ചൻ പല പ്രാവശ്യം അപേക്ഷ നൽകിയെങ്കിലും ഉപദേശ സമിതികള്‍ തള്ളി. ജയിലിലെ മേശിരിയായ മണിച്ചന് പൊലീസ് റിപ്പോർട്ടും അനുകൂലമായിരുന്നില്ല. മണിച്ചന്‍റെ രണ്ട് സഹോദരങ്ങളും കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതരായിരുന്നു. ഒടുവിൽ  ഉന്നതാധികാര സമിതി രക്ഷക്കെത്തി. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച മദ്യദുരന്തകേസിന്‍റെ കാരണക്കാരൻ 22 വ‍ർഷത്തിന് ശേഷം പുറത്തേക്ക്.

Also Read : മണിച്ചൻ അടക്കം 33 തടവുകാർക്ക് മോചനം; ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു

click me!