സ്വപ്ന സുരേഷിന് സംരക്ഷണമൊരുക്കുന്നത് ആരെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: മുല്ലപ്പള്ളി

By Web TeamFirst Published Jul 9, 2020, 7:25 PM IST
Highlights

സ്വപ്ന സുരേഷിന് സംരക്ഷണമൊരുക്കുന്നത് ആരെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദശീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരുവനന്തപുരം:  സ്വപ്ന സുരേഷിന് സംരക്ഷണമൊരുക്കുന്നത് ആരെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദശീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം താനടക്കമുള്ള ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാനുള്ള സാഹചര്യം പൂര്‍ണ്ണമായി  നിഷേധിച്ച സര്‍ക്കാരാണിത്. 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കാക്കി ഉടുപ്പിട്ട മുഴുവന്‍ പൊലീസുകാരേയും ഉദ്യോഗസ്ഥരേയും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരത്തിലിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നഗരം താഴിട്ട് പൂട്ടിയ ഈ സാഹചര്യത്തില്‍ ഒരുകുറ്റവാളിക്ക് ഒളിവില്‍ പാര്‍ക്കണമെങ്കില്‍ ഉന്നതതലത്തിലുള്ള ബന്ധങ്ങളും സംരക്ഷണവും അനിവാര്യമാണ്. മുഖ്യമന്ത്രി ഈ കാര്യത്തില്‍ അടിയന്തിരമായി വിശദീകരണം നല്‍കണം. ഒരു നിമിഷം ഇനിയും വൈകിയാല്‍ കേസിന്റെ ഗതിയാകെമാറും.

ഒളിവിലിരുന്ന് സ്വപ്ന സുരേഷ് ടിവി ചാനലുകള്‍ക്ക് ശബ്ദസന്ദേശം വരെ നല്‍കിയെങ്കില്‍ അത് ഗുരുതരമായ ഒരു വീഴ്ചതന്നെയാണ്. എല്ലാ മന്ത്രിമാരയും അറിയാമെന്നും അവരുമായി ബന്ധമുണ്ടെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. മാത്രവുമല്ല ഉന്നതന്‍മാരെയെല്ലാം മുന്‍കൂട്ടി വെള്ള പൂശാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഐടി സെക്രട്ടറിയേയും സ്പീക്കറേയും അതീവ കരുതലോടെ സംരക്ഷിക്കാനുള്ള ശ്രമവും നടത്തുന്നു. 

രാജ്യാന്തര  മാനങ്ങളുള്ള ഈ കേസില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് എല്ലാവരെയും വെല്ലുവിളിച്ച് ന്യായീകരണവുമായി  രംഗത്തുവന്നത്. അതിപ്രഗത്ഭരായ കുറ്റാന്വേഷണ ഉദ്യോഗസ്ഥരുള്ള നാടാണ് കേരളം. എല്ലാ പഴുതുകളും അടച്ച് ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയും.  

വിദഗ്ദ്ധ നിയമോപദേശം ലഭിക്കാനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കാനും അവസരമാണ് ഈ സര്‍ക്കാര്‍  ഉണ്ടാക്കിക്കൊടുത്തത്. ഒരു കുറ്റവാളിക്ക് എല്ലാ തെളിവുകളും അനായാസേന നശിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ ഉറപ്പുവരുത്തി. കുറ്റവാളി ഒരു പരുക്കുമില്ലാതെ രക്ഷപെടാനുള്ള അവസരമാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ഇത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മുഖ്യമന്ത്രി, സ്പീക്കര്‍, നിരവധി മന്ത്രിമാര്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഇതില്‍ നിന്നു ഒരു പോറലുമേല്‍ക്കാതെ ഇവരെല്ലാം പുറത്തവരേണ്ടത് ഈ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ വഴിവിട്ട എല്ലാ നീക്കങ്ങളും നടത്തുമെന്നതില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!