
തിരുവനന്തപുരം: നവകേരളനിര്‍മ്മാണം സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി. ചാനല്‍ ഇംപാക്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒത്തുകളിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. പ്രളയം ഉണ്ടായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസിനെയോ മറ്റ് മാധ്യമങ്ങളെയോ എന്തിനു കുറ്റപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
നവകേരള നിര്‍മ്മാണത്തില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് തെളിയിച്ചുള്ള പരമ്പര ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീര്‍ക്കഥകളാണ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതെന്നും പ്രമേയം അവതരിപ്പിച്ച് വിഡി സതീശന്‍ എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ നീക്കത്തെ പരിഹസിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
'റീ ബിൽഡ് കേരള' പരാജയമെന്ന് പറയുന്നവർ പ്രത്യേക മനസ്ഥിതിയുള്ളവരാണ്. അത്തരക്കാര്‍ ദിവാസ്വപ്നം കാണുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ദുരന്തനിവാരണത്തിൽ നിന്നും മാറി നിന്നവരാണ് പദ്ധതി പരാജയമാണെന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വി ഡി സതീശനെപ്പോലെയൊരു അംഗം ഉന്നയിച്ച ചോദ്യങ്ങളെ ചാനല്‍ ഇംപാക്ട് എന്ന് പറഞ്ഞത് ശരിയായില്ലെന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണമായി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അടിയന്തര പ്രമേയം ചാനൽ ഇംപാക്ടിനു വേണ്ടി എന്ന മുഖ്യമന്ത്രിയുടെ പരാമർശം ശരിയല്ല. ഇഷ്ടം ഇല്ലാത്ത വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് മുഖ്യമന്ത്രി മുമ്പ് വിളിച്ചിട്ടുണ്ട്. പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന അമിക്കസ് ക്യൂരിയുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ മുന്നിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam