നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ മന്ത്രി പി രാജീവിനെതിരെ രാജ്യസഭാംഗം ഹാരിസ് ബീരാനെ മത്സരിപ്പിക്കാൻ മുസ്ലിം ലീഗിൽ ആലോചന. ഹാരിസ് ബീരാന്റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ മന്ത്രി പി രാജീവിനെതിരെ ഹാരിസ് ബീരാൻ എം പിയെ മൽസരിപ്പിക്കാൻ മുസ്ലിം ലീഗിൽ ആലോചന. സീറ്റ് കോൺഗ്രസുമായി വെച്ചു മാറാൻ ആലോചന ഉണ്ടായിരുന്നെങ്കിലും ഇരു പാർട്ടികളിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. കൂടുതൽ ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന കോൺഗ്രസ് അഭിപ്രായം കൂടി പരിഗണിച്ചാണ് ഹാരിസ് ബീരാനിലേക്ക് ലീഗിലെ ചർച്ചകൾ നീണ്ടത്. അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും.

Add Asianetnews as a Preferred SourcegooglePreferred

കളമശ്ശേരി സീറ്റ് കിട്ടുകയാണെങ്കിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുക എന്നതായിരുന്നു വി ഡി സതീശന്‍റെ ആഗ്രഹം. എന്നാൽ കളമശ്ശേരി സീറ്റ് ലീഗ് തന്നെ നിലനിർത്തണം എന്ന് ലീഗിന്‍റെ ജില്ലാ കമ്മിറ്റി വാശിയിലാണ്. ഇതോടെ കരുത്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടർന്നാണ് ഹാരിസ് ബീരാൻ എംപിയുടെ പേര് ലീഗ് പരിഗണിക്കുന്നത്.

2024ലാണ് ഹാരിസ് ബീരാൻ രാജ്യസഭാംഗമായത്. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ സഹോദരിയുടെ മകനാണ് ഹാരിസ് ബീരാൻ. കേരളവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ സുപ്രീംകോടതിയിൽ വാദിച്ചിട്ടുള്ള അഭിഭാഷകനാണ് ഹാരിസ് ബീരാൻ. ഹാരിസ് ബൂരാനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് പ്രാഥമിക കൂടിയാലോചനകൾ ലീഗ് നടത്തി കഴിഞ്ഞു, എന്നാൽ അന്തിമ തീരുമാനം ആയിട്ടില്ല.

YouTube video player