
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി വിജയൻ ആര്‍എസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടത് പോലെയല്ല താന്‍ കണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു. കാണണമെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടു. കാണാൻ താൻ അവർക്ക് സമയം കൊടുത്തു. അങ്ങനെയാണ് അവർ വന്നത്. ജനങ്ങൾ തന്നെ കാണാൻ വരുന്ന സമയത്താണ് അവരും വന്നത്. ഒരു നിവേദനം നൽകുകയും ചെയ്തു. താൻ കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും മാത്രം മുഖ്യമന്ത്രിയാണോ? കേരളത്തിന്‍റെ മുഖ്യമന്ത്രിയല്ലേ? കാണാൻ വന്നോട്ടെയെന്ന് ചോദിച്ചാൽ പറ്റി്ല്ലെന്ന് പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അല്ലേ തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുൻ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണ് എന്നാണ്. അദ്ദേഹത്തിനുള്ള മറുപടി 'ഞാൻ ഒളിച്ചല്ല കണ്ടത്' എന്നാണെന്ന് വി ഡി സതീശൻ പറഞ്ഞു. പിണറായി വിജയൻ ചെയ്തതുപോലെ വേറെ കാറിൽ മസ്കറ്റ് ഹോട്ടലിൽ പോയി മാധ്യമപ്രവർത്തകരെ മാറ്റി നിർത്തി ആർഎസ്എസ് നേതാക്കളെ കണ്ടതുപോലെ ഒളിച്ചല്ല താൻ കണ്ടതെന്ന് വി ഡി സതീശൻ വിശദീകരിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ വിളിച്ചപ്പോൾ ബജറ്റിന്‍റെ തിരക്കിലായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിയാണ് ഫോണ്‍ എടുത്തത്. താൻ പിന്നീട് തിരിച്ചുവിളിച്ചു. വളരെ കാര്യമായി സംസാരിച്ചു. കാണണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടപ്പോൾ ഉറപ്പായും കാണാമെന്ന് സുകുമാരൻ നായരോട് താൻ പറഞ്ഞതാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സാങ്കേതിക വാദം നിരത്തി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. റിപ്പോർട്ട് ഡിജിപിക്ക് മുന്നിലാണെന്നും സർക്കാരിന് മുന്നിലെത്തിയില്ലെന്നും നടപടിക്രമം തീരണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എസ് ഐടി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോർട്ടുകളിൽ മാധ്യമങ്ങളെ പഴിചാരിയ മുഖ്യമന്ത്രി, നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയും തുറന്നടിച്ചു.
'എംആർ അജിത് കുമാറിന്റെ കേസിൽ പല കാരണം കൊണ്ടും പലർക്കും പല ധൃതിയും ഉണ്ടാകും. പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങൾ അല്ല. മാധ്യമങ്ങൾ നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി' എന്നാണ് വി ഡി സതീശൻ പറഞ്ഞത്.
അതിവേഗ റെയിൽ പദ്ധതിക്കുള്ള വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്ധ സമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. സര്‍ക്കാര്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ലഭ്യതയടക്കം പരിശോധിക്കണം. പാസഞ്ചര്‍ ട്രെയിൻ മാത്രം പറ്റില്ലെന്നും ചരക്ക് നീക്കവും കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam