
കൊച്ചി: പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തെങ്ങിൽ കയറിയതും പ്രിൻസിപ്പാൾ ബൈനോക്കുലർ വെച്ച് നോക്കിയതുമായ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തേവര സേക്രട്ട് ഹാർട്ട് കോളജിലെ സ്വീകരണ പരിപാടിയിലാണ് മുഖ്യമന്ത്രി പ്രീഡിഗ്രി കാല ഓർമ്മകൾ പങ്കുവച്ചത്. പ്രീഡിഗ്രി വിദ്യാർത്ഥിയായി കോളേജിൽ വരുമ്പോൾ തനിക്ക് 14 വയസ്സായിരുന്നു പ്രായമെന്നും തെങ്ങിൽ കയറിയതിന് പ്രിൻസിപ്പാൾ തന്നെ താക്കീത് ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ഇവിടെ പഠിച്ച അഞ്ചാറ് വർഷക്കാലം ചെയ്ത കാര്യങ്ങൾ ഇവിടെ നിൽക്കുമ്പോൾ ഓർമ വരുന്നു. ചെറുപ്പക്കാരുടെ ഭാഷയിൽ നൊസ്റ്റു എന്ന് പറയും- നൊസ്റ്റാൾജിക് മെമ്മറീസ്. അതെല്ലാം പറയണമെന്ന് എനിക്കുണ്ട്. മീഡിയ ഇവിടെ നിൽക്കുകയാണ്. എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഒരു വർഷത്തേക്ക് അതായിരിക്കും വാർത്ത. അത്രമാത്രം നല്ലതും അല്ലാത്തതുമായ കാര്യങ്ങൾ ഈ ക്യാമ്പസിൽ ചെയ്ത വിദ്യാർത്ഥിയായിരുന്നു ഞാൻ. ഞാൻ പ്രീഡിഗ്രി വിദ്യാർത്ഥിയായി ഇവിടെ വരുമ്പോൾ എനിക്ക് 14 വയസ്സാണ്. ഇവിടെ വരുമ്പോൾ ആദ്യത്തെ ആഴ്ച എല്ലാവരും ലേക്ക് വ്യൂ യിലേക്ക് പോകും. ഇവിടെ വന്നാൽ അവിടെ പോവാത്ത ഒരു കുട്ടിയുമുണ്ടാവില്ല. ഞങ്ങൾ എല്ലാവരും കൂടി ലേക്ക് വ്യൂയിലേക്ക് പോയി. എനിക്ക് തെങ്ങിൽ കയറാൻ അറിയാം. ഞാനവിടെ തെങ്ങിൽ കയറി. കോളേജിൽ വേറെ ആർക്കും തെങ്ങിൽ കയറാൻ അറിയില്ലാരുന്നു. എല്ലാവരും ആരാധകരായി താഴെ നിന്ന് പ്രോത്സാഹിപ്പിച്ചു. പക്ഷേ ഒരു കാര്യം ഞാൻ കണ്ടില്ല. അന്നത്തെ പ്രിൻസിപ്പാൾ ഈ ഓഡിറ്റോറിയത്തിന്‍റെ പുറകിൽ വന്ന് ബൈനോക്കുലർ വച്ച് അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രിൻസിപ്പാൾ നോക്കുമ്പോൾ പ്രീഡിഗ്രി വിദ്യാർത്ഥി തെങ്ങിന്‍റെ മുകളിലിരിക്കുന്നു. വിളിച്ചു വരുത്തി താക്കീത് തന്നു. അടുത്ത രണ്ട് വർഷം നീക്കങ്ങളെല്ലാം നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് പറഞ്ഞു"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam