
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിന്‍കര ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട കേസില്‍ ബി ജെ പി പ്രവര്‍ത്തകനാണ് പിടിയിലായത്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ ചില ബോധപൂര്‍വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരു കാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബി ജെ പി നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം അക്രമ രീതികളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി. അക്രമ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക് മുന്നിൽ ഒരിക്കലും വഴങ്ങിക്കൊടുക്കില്ലെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അതിക്രമം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, ദേശീയതലത്തിൽ നേരിടുന്ന തിരിച്ചടികളിൽ നിന്നും മറ്റ് വിഷയങ്ങളിൽ നിന്നും പൊതുജന ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ബി ജെ പി ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് - ബി ജെ പി ഏറ്റുമുട്ടലിനിടെ തിരുവനന്തപുരത്ത് ഡി സി സി ഓഫീസടക്കം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കല്ലേറും. നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കരിങ്കൊടി കാണിച്ചത് പുലര്‍ച്ചെയാണ്. നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബി ജെ പി സൗത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്. തിരുവനന്തപുരം ഡി സി സി ഓഫീസിന്‍റെ ചില്ലുകള്‍ അജ്ഞാതര്‍ രാത്രി എറിഞ്ഞു തകര്‍ത്തു. ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. സി സി ടി വി ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല. കെ പി സി സി പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്ത് എത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam