
തിരുവനന്തപുരം: യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾക്ക് നേരിട്ട് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പൂർണ്ണമായും പാർട്ടിക്ക് വിധേയനാണെന്നും വിമർശനങ്ങൾക്ക് അതീതനല്ലെന്നും സതീശൻ പറഞ്ഞു. രണ്ടു കയ്യും കൂട്ടിയിടിച്ചാലല്ലേ പാർട്ടിയിൽ കലഹമുണ്ടാകൂ എന്നും തന്നിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നയപരമായ കാര്യങ്ങളെല്ലാം പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനിക്കുന്നത്. പാർട്ടിയിൽ വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും വിമർശനം ഉന്നയിക്കാമെന്നും ഇതാണ് തന്റെ രീതി എന്നും സതീശൻ കൂട്ടിച്ചേർത്തു.
നേരത്തെ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും അടൂർ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെയും പാർട്ടിയുടെയും എല്ലാ തീരുമാനങ്ങളും നിലവിലുള്ള നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണ് കൈക്കൊള്ളുന്നത്. മന്ത്രിസഭയിലും പാർട്ടിയുടെയും പൂർണ്ണ അറിവോടെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെയാണ് മന്ത്രിസഭയിലുള്ളതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. നയപരവും ഭരണപരവുമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നും കൺവീനറായ തന്നെ അറിയിക്കുന്നില്ലെന്നും ആരോപിച്ച് അടൂർ പ്രകാശ് കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്. പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്. മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു.
അതേസമയം, സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിന്‍റെ സൂചന തൽക്കാലമില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗ്യാനേഷ് കുമാറിനെതിരായ സമര തിരക്കിലായതിനാൽ പ്രശ്ന പരിഹാരത്തിന് സമയമെടുക്കും. സംസ്ഥാന നേതൃത്വത്തെ വേണ്ടിവന്നാൽ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam