
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (എൻഐപിഒ) റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ പദ്ധതി ഈ മാസം ഒൻപതിന് മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ഏഴുമണിക്ക് മാസ്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. മന്ത്രി സി പി ജോൺ, മേയർ വി വി രാജേഷ് എന്നിവരും മറ്റു നിരവധി പ്രമുഖരും പ്രസംഗിക്കും. 'Re-Write the Cancer Story' പരിപാടി കല്യാൺ ജ്വല്ലേഴ്സിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ ഉദ്ഘാടനം ചെയ്യും.
സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച പി എച്ച് കുര്യൻ ഐഎഎസിന് ആദരാഞ്ജലിയായി, കേരളത്തിന്റെ തീരദേശ, പിന്നാക്ക മേഖലകളിൽ ക്യാൻസർ അവബോധം, സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണയം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ‘സ്നേഹതീരം’ പദ്ധതിക്കും തുടക്കം കുറിക്കും. തെക്ക് പൊഴിയൂർ മുതൽ വടക്ക് കാസർകോട് വരെ തീരദേശ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് സ്നേഹതീരം നടപ്പാക്കുക.
ഈ സംരംഭത്തിൽ നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, എസ്‍യുടി ഹോസ്പിറ്റൽ പട്ടം, ട്രാവൻകൂർ മെഡിസിറ്റി കൊല്ലം, കേരള മെഡിക്കൽ കോളേജ് പാലക്കാട്, കൈരളി സൊസൈറ്റി ഓഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ പാത്തോളജിസ്റ്റ്സ്, മലബാർ കാൻസർ കെയർ സൊസൈറ്റി, ഇന്ത്യൻ റേഡിയോളജി ആൻഡ് ഇമേജിംഗ് അസോസിയേഷൻ, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, കെ എം ചെറിയാൻ ഹോസ്പിറ്റൽ ചെങ്ങന്നൂർ, കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം തുടങ്ങി നിരവധി പ്രമുഖ ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും പ്രൊഫഷണൽ സംഘടനകളും കൈകോർക്കും.
മലയാളികൾക്കിടയിലെ മൾട്ടിപ്പിൾ മൈലോമ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അപകടസാധ്യതാ ഘടകങ്ങൾ കണ്ടെത്തുക, സ്ക്രീനിംഗ് പ്രോത്സാഹിപ്പിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മയോ ക്ലിനിക്കിലെ പ്രമുഖ വിദഗ്ധനായ ഡോ. ഷാജി കുമാറിന്റെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീകളിൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന അപകടസാധ്യതാ ഘടകങ്ങളെക്കുറിച്ച് പഠിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ശ്രീ ഗോകുലം മെഡിക്കൽ കോളേജും സ്വാസ്ഥി ഫൗണ്ടേഷനും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.
സൗജന്യ നേത്രപരിശോധന ലഭ്യമാക്കുകയും നേത്രരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള അവബോധവും സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് നിത്യപ്രകാശം പദ്ധതിയുടെ ലക്ഷ്യം. ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, സ്വസ്തി ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഓങ്കോളജി വിദഗ്ധരുമായി 'Wisdom from the Frontline' എന്ന പേരിൽ അന്താരാഷ്ട്ര സംവാദവും സംഘടിപ്പിക്കും.
ക്യാൻസർ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ഗവേഷണം, പരിശീലനം എന്നിവയെ ഏകോപിപ്പിച്ച് ഇന്ത്യയിലെ പ്രിവന്റീവ് ഓങ്കോളജി രംഗത്തിന് പുതിയ ദിശ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (എൻഐപിഒ) എന്ന പുതിയ സംരംഭം വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ കാൻസർ പ്രിവൻഷൻ, സ്ക്രീനിംഗ്, സ്ട്രാറ്റജി, ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ (GCPSTRC) ആണ് ഈ ആശയത്തിന് നേതൃത്വം നൽകുന്നത്.
ക്യാൻസർ വന്നശേഷം മാത്രം ചികിത്സിക്കുന്ന പരമ്പരാഗത സമീപനത്തിൽനിന്ന് വലിയ മാറ്റമാവും ഇത്. ക്യാൻസർ സാധ്യമായിടത്തോളം തടയുക, രോഗസാധ്യതയുള്ളവരെ നേരത്തേ കണ്ടെത്തുക, രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുക, പ്രതിരോധാധിഷ്ഠിത ആരോഗ്യപരിപാലന സേവനങ്ങൾ എല്ലാ തലങ്ങളിലേക്കും എത്തിക്കുക എന്നിവയാണ് പ്രധാന ദൗത്യം. 2026 ജനുവരിയിൽ തിരുവനന്തപുരത്ത് സ്വസ്തി ഫൗണ്ടേഷന്റെയും ന്യൂഡൽഹിയിലെ ദ ഹാൻസ് ഫൗണ്ടേഷൻ ലൈഫിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റിൽ നടന്ന ചർച്ചകളാണ് NIPO എന്ന ആശയത്തിന്റെ രൂപീകരണത്തിന് അടിത്തറയൊരുക്കിയത്.
ഓങ്കോളജി, പൊതുജനാരോഗ്യം, ഗവേഷണം, ആരോഗ്യനയം തുടങ്ങിയ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വായിലെ അർബുദം, സ്തനാർബുദം, ഗർഭാശയമുഖ അർബുദം, വൻകുടൽ-മലാശയ അർബുദം, ശ്വാസകോശ അർബുദം, കരൾ അർബുദം, പ്രോസ്റ്റേറ്റ് അർബുദം എന്നിവ ഉൾപ്പെടെയുള്ള പ്രധാന അർബുദങ്ങളുടെ പ്രതിരോധം, അപകടസാധ്യതാ നിർണയം, സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണയം എന്നിവയ്ക്കാണ് എൻഐപിഒ പ്രത്യേക പ്രാധാന്യം നൽകുക.
പ്രിവന്റീവ് ഓങ്കോളജി, ക്യാൻസർ സ്ക്രീനിംഗ്, അപകടസാധ്യതാ നിർണയം, രോഗികളെ അനുയോജ്യമായ ചികിത്സാ സംവിധാനങ്ങളിലേക്ക് റഫർ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഡോക്ടർമാർ, നഴ്സുമാർ, ആശാ പ്രവർത്തകർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, ലബോറട്ടറി മേഖലയിലെ ആരോഗ്യപ്രവർത്തകർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകാനും എൻഐപിഒ ലക്ഷ്യമിടുന്നു.
പ്രിവന്റീവ് ഓങ്കോളജി, ക്യാൻസർ എപ്പിഡെമിയോളജി, ഗവേഷണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ ഉയർന്ന നിലവാരമുള്ള പരിശീലന-ഗവേഷണ അവസരങ്ങൾ വികസിപ്പിക്കുന്നതും സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമുകൾ, അപകടസാധ്യത പ്രവചിക്കുന്ന ഉപകരണങ്ങൾ, ടെലിമെഡിസിൻ, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തി ക്യാൻസർ പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും കൂടുതൽ ഫലപ്രദമാക്കാൻ ഗവേഷണത്തിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും ശ്രമിക്കും.
സർക്കാരുകൾ, ആശുപത്രികൾ, പൊതുജനാരോഗ്യ ഏജൻസികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ എന്നിവയ്ക്ക് തെളിവുകൾ അടിസ്ഥാനമാക്കിയ ക്യാൻസർ നിയന്ത്രണ നയങ്ങളും മാതൃകകളും വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പോളിസി ആൻഡ് നോളജ് സെന്ററായി കൂടി എൻഐപിഒ വളരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ വിവിധ സ്ഥാപനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ ആവർത്തിക്കുകയല്ല ലക്ഷ്യം. മറിച്ച്, ഓരോ സ്ഥാപനത്തിന്റെയും ശക്തിയും വൈദഗ്ധ്യവും ഒരുമിപ്പിച്ച് പ്രിവന്റീവ് ഓങ്കോളജിയിൽ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം.
'ക്യാൻസർ പരിചരണം ആരംഭിക്കേണ്ടത് ക്യാൻസർ ആരംഭിക്കുന്നതിന് മുമ്പാണ്' എന്നതാണ് എൻഐപിഒയുടെ കേന്ദ്ര ആശയം. തിരുവനന്തപുരം ആസ്ഥാനമായി ഈ സംരംഭം ആരംഭിക്കുന്നുവെങ്കിലും അതിന്റെ ദർശനം ദേശീയമാണ്. ഇന്ത്യയ്ക്കായി ചെലവുകുറഞ്ഞതും ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയതും സമൂഹകേന്ദ്രീകൃതവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുന്നതുമായ ക്യാൻസർ പ്രതിരോധ മാതൃകകൾ വികസിപ്പിക്കുകയാണ് പ്രതിരോധം, സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണയം, പരിശീലനം, ഗവേഷണം, സാങ്കേതികവിദ്യ, പൊതുനയം, സമൂഹ പങ്കാളിത്തം എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന ക്യാൻസർ നിയന്ത്രണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. എത്ര ക്യാൻസറുകൾ തടയാൻ കഴിഞ്ഞു, എത്ര രോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിഞ്ഞു, ഒടുവിൽ എത്ര ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു എന്നിവയായിരിക്കും എൻഐപിഒയുടെ യഥാർത്ഥ വിജയത്തിന്റെ അളവുകോൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam