
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10/09/2026 : ആലപ്പുഴ, എറണാകുളം
11/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ചൂടിന് ശേഷം സംസ്ഥാനത്ത് ഇന്ന് താപനിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് 31.6 ഡിഗ്രി സെൽഷ്യസും, കൊച്ചിയില്‍ 31 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 32 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടിയ താപനില 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പുനലൂരും ഇന്ന് രണ്ട് ഡിഗ്രി കുറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam