'ഹൈടെക് ആകും പ്രൈമറി രംഗം': കുരുന്നുകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

By Web TeamFirst Published Oct 7, 2019, 10:41 PM IST
Highlights

വിദ്യാരംഭ നാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ

തിരുവനന്തപുരം: വിദ്യാരംഭനാളിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവ് നുകരാൻ സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രിയുടെ ആശംസ. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയാണ് കുരുന്നുകൾക്ക് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണ്ണരൂപത്തില്‍

വിദ്യാരംഭ നാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേരുന്നു. വിശാലമായ അറിവിന്റെ ലോകത്തിൽ ഈ കുഞ്ഞുങ്ങൾക്ക് ഉയരാനാകട്ടെ. അറിവ് ആവോളം സ്വായത്തമാക്കാൻ സർക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മലയാളികൾ. പ്രീ - പ്രൈമറി തലം മുതൽ ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കി വരികയാണ്. 9941 പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബ് നിർമ്മിച്ചും 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയും സ്കൂളുകൾ അന്താരാഷ്ട്രാനിലവാരത്തിലേക്ക് ഉയർത്തിയും പൊതു വിദ്യാഭ്യാസമേഖലയുടെ മുഖഛായ മാറ്റി.

ലോകം വളരുന്നതിനനുസരിച്ചുള്ള വിദ്യാഭ്യാസം പുതു തലമുറക്ക് ലഭ്യമാക്കാൻ അവസരം ഒരുക്കുകയാണ് നാം. അക്ഷരങ്ങളിലൂടെ അറിവിന്റെ പുതു ലോകത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങളിലാണ് നമ്മുടെ നാടിന്റെ ഭാവി പ്രതീക്ഷകൾക്ക് അർത്ഥമുണ്ടാകുന്നത്. അവരുടെ കുഞ്ഞു വിരലുകളിൽ വിദ്യാരംഭവേളയിൽ തെളിയുന്ന അക്ഷരങ്ങൾ കേരളത്തിന്റെ ഉത്തരോത്തര പുരോഗതിക്കുള്ള ഊർജമാണ്.

 

click me!