കോഴിക്കോട്: കൂടത്തായിയിൽ കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെയും രണ്ടാം ഭർത്താവ് ഷാജു സക്കറിയയുടെയും വിവാഹ ആൽബത്തിൽ സംശയിക്കപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥരുടേതടക്കം ചിത്രങ്ങൾ. ആദ്യ ഭാര്യ സിലി ജോളിയുടെ മടിയിൽ കുഴഞ്ഞു വീണ് മരിച്ച് കൃത്യം ഒരു വർഷവും ഒരു മാസവും കഴിഞ്ഞപ്പോൾ ജോളിയും ഷാജു സക്കറിയയും വിവാഹിതരായി. കടുത്ത ബന്ധുക്കളുടെ അതൃപ്തി അവഗണിച്ചായിരുന്നു വിവാഹം.
സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ആൽബത്തിലുണ്ടെങ്കിലും അത് സ്വത്ത് തട്ടിപ്പിൽ ജോളിയെ ഇവർ സഹായിച്ചു എന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ഇനിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടില്ല. പക്ഷേ, സ്വത്ത് തട്ടിപ്പ് നടത്താൻ വ്യാജ ഒസ്യത്ത് ഒന്നും രണ്ടും തവണ ജോളി ഉണ്ടാക്കിയിട്ടുണ്ടെന്നത് വ്യക്തം.
ഷാജുവും ജോളിയും വിവാഹിതരാകാൻ ഉദ്ദേശിക്കുന്നുവെന്നത് സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞ് കൂടത്തായിയിൽ പോയപ്പോൾത്തന്നെ അറിഞ്ഞിരുന്നെന്ന് ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെഞ്ചി പറഞ്ഞിരുന്നു. അയൽവാസികൾ പലരോടും ഇക്കാര്യം ജോളി പറഞ്ഞിരുന്നു. സിലി മരിച്ച് ഒരാണ്ട് കഴിഞ്ഞാൽ ഷാജുവിനെ കല്യാണം കഴിക്കുമെന്നാണ് പലരോടും ജോളി പറഞ്ഞത്.
എന്നാൽ തന്നോട് ഷാജുവിന്‍റെ അച്ഛൻ സക്കറിയയോ ജോളിയോ ഈ വിവരം പറഞ്ഞതേയില്ല. സഹോദരൻ റോജോയെയും അറിയിച്ചില്ല. സിലി മരിച്ച സമയത്ത് ആ വീട്ടിൽ ജോളി പെരുമാറുന്നത് കണ്ടപ്പോൾത്തന്നെ തനിക്ക് സംശയം തോന്നിയിരുന്നതായും റെഞ്ചി പറഞ്ഞു.
വിവാഹം തീരുമാനിച്ച വിവരം നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. വിവാഹത്തിന് ഒരാഴ്ച മുന്നെ മാത്രമാണ് വിവാഹക്കാര്യം പറയാൻ ഷാജുവിന്‍റെ കുടുംബം വിളിക്കുന്നത്. അച്ഛന്‍റെ സഹോദരന്‍റെ മകന്‍റെ വിവാഹം തന്‍റെ സഹോദരന്‍റെ ഭാര്യയുമായി നടക്കുന്ന കാര്യം പോലും നേരത്തേ പറഞ്ഞില്ല.
ഇത്തരത്തിൽ അടുത്ത ബന്ധുക്കൾ വിവാഹം കഴിക്കുന്ന പതിവ് സമുദായത്തിലില്ല. അതുകൊണ്ടു തന്നെ ഈ വിവാഹത്തിൽ തൃപ്തിയുണ്ടായിരുന്നില്ല. പക്ഷേ തുറന്നെതിർത്തില്ല. ജോളിയുടെയും സഹോദരൻ റോയ് തോമസിന്‍റെയും മകന്‍റെ ഭാവി മാത്രമാണ് അപ്പോൾ ഓർത്തതെന്ന് റെഞ്ചി പറയുന്നു.
വിവാഹച്ചടങ്ങിൽ ഇപ്പോൾ വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ചെന്ന് കരുതപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥയടക്കം ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട് പൊലീസ്.
ജനുവരി 11, 2016-ലാണ് സിലി മരിക്കുന്നത്. കൃത്യം ഒരു വർഷവും ഒരു മാസവും കഴിഞ്ഞ് 2017 ഫെബ്രുവരി 6 നാണ് ഷാജുവും ജോളിയും വിവാഹിതരാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam