ജോളിയെ സഹായിച്ചെന്ന് ആരോപണമുയര്‍ന്ന പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം

By Web TeamFirst Published Oct 7, 2019, 8:09 PM IST
Highlights

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ സാക്ഷിയായി മനോജ്  ഒപ്പിട്ടെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. 
 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന  സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി കെ മനോജിനെ പുറത്താക്കിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ സാക്ഷിയായി മനോജ്  ഒപ്പിട്ടെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. 

എന്നാല്‍ പാര്‍ട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കേസിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് കെ മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. നേരത്തെ ഭര്‍തൃ പിതാവ് പൊന്നാമറ്റം ടോം തോമസിന്‍റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ പ്രദേശവാസികളോ റോയി തോമസിന്‍റേയോ ബന്ധുക്കളോ അല്ല സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ച പൊലീസ് ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു.

കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരില്‍ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവരാണ് സാക്ഷികളായി വില്‍പ്പത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതിനെതിരെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ സഹോദരന്‍ റോജോയും സഹോദരി റെഞ്ചിയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റോയി തോമസിന്‍റെ മരണശേഷം കൂടത്തായിലെ വീട്ടിലെത്തിയ തന്നോട് ചേച്ചിക്ക് ഇനി ഇവിടെ സ്വത്തില്ലെന്ന് ജോളി പറഞ്ഞിരുന്നതായി റെഞ്ചി ആരോപിച്ചിരുന്നു. ഇതിനുശേഷം റോയി തോമസ് മരിച്ച് മാസങ്ങള്‍ക്ക്  ശേഷമാണ് സ്വത്ത് തര്‍ക്കം പൊലീസ് കേസായി മാറുന്നത്. 

ഇവിടെയാണ് സിപിഎമ്മിന്‍റെ കട്ടാങ്ങലിലുള്ള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനോജിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്. വ്യാജ ഒസ്യത്തില്‍ ഒരു സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് മനോജാണെന്നായിരുന്നു ആരോപണം. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാള്‍ക്ക് നല്‍കിയെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഒരുലക്ഷം രൂപ കൈമാറാന്‍ ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. 

എന്നാല്‍ താനൊപ്പുവെച്ചത് വില്‍പ്പത്രത്തിലല്ല, ഒരു ഭൂമി കൈമാറ്റ രേഖയിലാണെന്നാണ് മനോജ് മറ്റ് പലരോടും നല്‍കുന്ന വിശദീകരണം. വില്‍പ്പത്രത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മനോജ് വ്യക്തമാക്കുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയില്‍ ഒരു സിപിഎം പ്രാദേശിക നേതാവിന്‍റെ പേര് കൂടി ആരോപണ വിധേയമായ സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി പാര്‍ട്ടി ജില്ലാ കമ്മിറ്റി രംഗത്തെത്തുന്നത്. 

ലീഗ് നേതാവിനെതിരെയും ആരോപണം

ജോളിയുടെ സമീപവാസിയും വീട്ടിലെ നിത്യസന്ദര്‍ശകനുമായ ഒരു ലീഗ് നേതാവാണ് വ്യാജവില്‍പത്രം തഹസില്‍ദാരുമായി ബന്ധപ്പെട്ട് സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്താന്‍ സഹായിച്ചതെന്നാണ് സൂചന. ഇയാളും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

കോഴിക്കോട് സ്വദേശിയായ ഒരു വനിതാ തഹസില്‍ദാറാണ് വ്യാജവില്‍പത്രം ആധാരപ്പെടുത്തി സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കി നല്‍കിയതെന്നാണ് വിവരം. കൂടത്തായി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ടു. സ്വത്തുകള്‍ വ്യാജവില്‍പത്രം വച്ച് മാറ്റിയെഴുതിയതായി അറിഞ്ഞ റോയ് മാത്യുവിന്‍റെ സഹോദരന്‍ റോജോ രേഖകള്‍ ആവശ്യപ്പെട്ട് പലവട്ടം പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും മുസ്ലീം ലീഗ് നേതാവ് വഴി ജോളി നടത്തിയ നീക്കത്തെ തുടര്‍ന്ന് റോജോയ്ക്ക് രേഖകള്‍ ലഭിച്ചില്ലെന്നാണ് ആരോപണം.

വിവരാവകാശ നിയമപ്രകാരം വരെ രേഖകള്‍ക്ക് അപേക്ഷിച്ചെങ്കിലും അപേക്ഷ നിഷേധിക്കപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവും ഇക്കാര്യത്തില്‍ ഇടപെട്ടു എന്നാണ് സൂചന. എന്നാല്‍ ഇവരെയൊന്നും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഉതകുന്ന തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.


 

click me!