
തിരുവനന്തപുരം : ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി പുതിയ സംരംഭം നാളെ ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിലാണ് സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുക. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങൾക്ക് വേണ്ടിയാണ് ഓരോ നയങ്ങളും നടപടികളും ആവിഷ്കരിച്ച് നടപ്പാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും നമുക്ക് ഓരോരുത്തർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ഉണ്ടാവും. അവ കേൾക്കാനും പരിഹരിക്കാനും നിലവിൽ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ, ഈ സംവിധാനങ്ങൾ അനുദിനം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് സർക്കാരിന്റെ അഭിപ്രായം. അതിന്റെ ഭാഗമായി ജനങ്ങളുമായി മുഖ്യമന്ത്രി എന്ന നിലയിൽ നേരിട്ട് സംവദിക്കാനുള്ള ഒരു പുതിയ വേദി ആരംഭിക്കുകയാണ്. ‘സി എം വിത്ത് മി’ എന്ന പേരിൽ ആരംഭിക്കുന്ന ഈ സംവിധാനം പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിർവഹണം കുറ്റമറ്റ രീതിയിൽ ആക്കുന്നതിനുള്ള ഒരു നാഴികക്കല്ല് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളുമാണ്. പൊതുജനവും സർക്കാരുമായുള്ള ഇഴയടുപ്പം കൂടുതൽ ശക്തിപ്പെടുത്താനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ പങ്കാളിത്ത വികസന മാതൃകയെ ശക്തിപ്പെടുത്താനും ‘സി എം വിത്ത് മി’ വഴി സാധിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.