
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് കമ്പനി സമീപിച്ചിരിക്കുന്നത്. ഇ.ഡി അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ വാദം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഈ ഇടപാടിൽ നടന്നിട്ടില്ലെന്നും അതിനാൽ ഇ.ഡിക്ക് ഇടപെടാൻ അധികാരമില്ലെന്നുമാണ് സി.എം.ആർ.എല്ലിന്റെ നിലപാട്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിന് പിന്നാലെയാണ് ഇഡി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലടക്കം റെയ്‌ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ഇ.ഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്‌ഡിനും പിന്നാലെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിൽ ഇ.ഡിക്ക് തുടർനീക്കങ്ങൾ നടത്താനാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam