മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിക്കെതിരെ പിണറായി വിജയനും കുടുംബവും നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇഡി നടപടികൾ വേഗത്തിലാക്കിയ സാഹചര്യത്തിൽ ഈ കേസ് അവർക്ക് ഏറെ നിർണായകമാണ്.

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അടക്കം ഹർജിയിൽ ഇന്ന് വാദം തുടങ്ങും. ഹർജികൾ പരി​ഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയിലെത്തിയത്.

ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേ​ഗം പരി​ഗണിക്കണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി ഇന്ന് പരി​ഗണിക്കും. പിണറായിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ സമൻസ് പതിച്ചടക്കം ശരവേ​ഗത്തിലാണ് കേസിൽ ഇഡി നീക്കങ്ങൾ എന്ന് വ്യക്തമായിരുന്നു. അതിനാൽ ഇഡി കേസിന്‍റെ അടക്കം ആധാരമായ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നതാണ് പിണറായിയുടെ ആവശ്യം. സംസ്ഥാന സർക്കാരിന്‍റെയും ഇഡിയുടെയും ഹർജിക്കാരനായ കെ എം ഷാജഹാന്‍റെയും അഭിഭാഷകരും ഇന്ന് കോടതിയിലെത്തിയേക്കും.