
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ഗതിവേഗം വർധിപ്പിക്കാൻ സഹകരണസ്ഥാപനങ്ങളെയും സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേതെന്ന് സഹകരണ, എക്സൈസ് വകുപ്പുമന്ത്രി എം ലിജു പറഞ്ഞു.സഹകരണമേഖലയിലെ ആദ്യ വിമാനസർവീസ് ആരംഭിക്കുന്ന കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രഥമ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണമേഖലയ്‌ക്ക് എത്തിച്ചേരാൻ സാധിക്കാത്ത ഒരു മേഖലയും കേരളത്തിലില്ല.
സഹകരണ മേഖല വ്യോമയാന ഗതാഗത രംഗത്തേക്ക് കടക്കുന്നു എന്നത് കേരളത്തിന്റെ സഹകരണ പ്രസ്ഥാനം വൈവിധ്യമാർന്ന തലങ്ങളിലേക്ക് വളരുന്നതിന്റെ സൂചനയാണ്. സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളിൽ സംഘങ്ങൾക്ക് സർക്കാർ എല്ലാ സഹായങ്ങളും നൽകും. ആറരലക്ഷം കോടിയിലധികം രൂപയുടെ ബിസിനസാണ് കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത്. ഇനിയുമേറെ ഈ മേഖലയ്‌ക്ക് ചെയ്യാൻ സാധിക്കും. പബ്ളിക്- കോപ്പറേറ്റീവ് സംരംഭങ്ങളെന്നത് ഈ സർക്കാർ ബജറ്റിൽ മുന്നോട്ടുവച്ച ആശയമാണ്. അത് യാഥാർത്ഥ്യമാക്കും വിധമൊരു പദ്ധതി ഒരുങ്ങുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ടെറസിൽ നടന്ന ചടങ്ങിൽ മന്ത്രി സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബൈലോയും കാറ്റഗറി സ്റ്റേറ്റ്‌മെന്റും സൊസൈറ്റിയുടെ ചീഫ് പ്രൊമോട്ടർ സി.എൻ. വിജയകൃഷ്ണന് കൈമാറി. സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ സൊസൈറ്റിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു. സി.എൻ. വിജയകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ ആദ്യ ഓഹരി വടവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സക്കീർ ഹുസൈനും പ്രീമ മനോജും സ്വീകരിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.വി. മോഹൻ, ഐ.യു.എം.എൽ. സംസ്ഥാന കമ്മിറ്റിയംഗം ഹംസ, സഹകരണ ജനാധിപത്യവേദി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജു, ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട്, ധനലക്‌ഷ്‌മി ബാങ്ക് ചെയർമാൻ കെ.എൻ മധുസൂദനൻ, സംവിധായകൻ വി.എ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. സി. എൻ വിജയകൃഷ്ണൻ, വി.ബാബുരാജ്, അബ്ദുല്ലക്കോയ, അഡ്വ.കെ.പ്രവീൺ കുമാർ എം.എൽ.എ, ചെമ്പഴന്തി അനിൽ, ഹസൻ, കെ.എൻ മധുസൂദനൻ, ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളായി എട്ടംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. സി.എൻ വിജയകൃഷ്ണനെ ചെയർമാനായും ഗോപാലകൃഷ്ണനെ ഓണററി സെക്രട്ടറിയായും തെരഞ്ഞെടുത്തു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ സ്വാഗതവും പ്രൊമോട്ടിംഗ് കമ്മിറ്റി അംഗമായ വി. ബാബു രാജ് നന്ദിയും രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam