കൊക്ക കോള കമ്പനി വീണ്ടും കേരളത്തിലേക്ക് ? ഇത്തവണ പദ്ധതിയില്‍ പച്ചക്കറി കൃഷി

By Web TeamFirst Published Nov 25, 2019, 10:10 PM IST
Highlights

പ്ലാച്ചിമടയില്‍ കമ്പനിക്കുള്ള 34 ഏക്കറില്‍ ആണ് പുതിയ പദ്ധതി തുടങ്ങാന്‍ ശ്രമിക്കുന്നത്. 

തിരുവനന്തപുരം: 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനി  കേരളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പെരുമാട്ടി ഗ്രാമപഞ്ചായിത്തിലെ പ്ലാച്ചിമടയില്‍ തിരിച്ചെത്താന്‍ കമ്പനി നീക്കം നടത്തുന്നതായി ദ കാരവാനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

തൃശൂരില്‍ നിന്ന് പുറത്തിറങ്ങുന്ന കേരളീയം മാഗസിന്‍റെ എഡിറ്റര്‍ എസ് ശരത്ത് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്ലാച്ചിമടയില്‍ കമ്പനിക്കുള്ള 34 ഏക്കറില്‍ ആണ് പുതിയ പദ്ധതി തുടങ്ങാന്‍ ശ്രമിക്കുന്നത്. 2000ലാണ് എച്ച് സി സി ബി (ഹിന്ദുസ്ഥാന്‍ കൊക്ക കോളാ ബീവറേജസ്)ക്ക് ബോട്ട്ലിംഗ് പ്ലാന്‍റ് തുടങ്ങാന്‍ പെരുമാട്ടി പ‍ഞ്ചായത്ത് അനുമതി നല്‍കിയത്. 

ജലം മലിനമാക്കുന്നുവെന്നും പ്രദേശത്തെ ഭൂഗര്‍ഭജലം കമ്പനി ഊറ്റിയെടുക്കുന്നുവെന്നും ആരോപിച്ച് പ്രദേശത്തെ ജനങ്ങള്‍ സമരം ആരംഭിച്ചതോടെയാണ് 2005 മുതല്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 

സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പ്രൊജക്ടിന്‍റെ ഭാഗമായി മൂന്ന് നിര്‍ദ്ദേശങ്ങളാണ് എച്ച്സിസിബി മുന്നോട്ട് വച്ചിരിക്കുന്നത്.  ഹെല്‍ത്ത് കെയര്‍ സെന്‍റര്‍, കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍, സ്ത്രീകള്‍ക്കായി തൊഴിൽ - പരിശീലന കേന്ദ്രവും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോച്ചിംഗ് സെന്‍ററുകളുമാണ് ആദ്യഘട്ടം. 

രണ്ടാംഘട്ടത്തില്‍ ജെയിന്‍ ഫാം ഫ്രഷ് ഫുഡ്സ് ലിമിറ്റഡും മറ്റ് പ്രൊജക്ടുകളും ആരംഭിക്കും.  മൂന്നാം ഘട്ടത്തില്‍ കാപ്പി, കൈതച്ചക്ക, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവയുടെ കൃഷിയിലേക്ക് കടക്കുമെന്നും കാരവന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 

click me!