യാത്രക്കാരില്ലാത്തതിനാല്‍ ട്രിപ്പ് ഒരു ദിവസം നീട്ടി, ഒടുവില്‍ 48 സീറ്റും ബുക്കായ ആ യാത്ര ദുരന്തത്തിലേക്ക്...

By Web TeamFirst Published Feb 20, 2020, 9:26 AM IST
Highlights

ബെംഗളൂരുവില്‍ നിന്നും 18 വൈകിട്ട് തിരിച്ച് എറണാകുളത്തേക്ക് മടങ്ങേണ്ടതായിരുന്നു ബസ്. എന്നാല്‍ ബസില്‍ യാത്രക്കാര്‍ കുറവായതിനാല്‍ ട്രിപ്പ് ഒരു ദിവസത്തേക്ക് നീട്ടി.   

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ അവിനാശിയില്‍ പുലര്‍ച്ചെ കെഎസ്ആര്‍ടിസി ഗരുഡ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം. ഇരുപത് പേരാണ് ഇതുവരെ അപടത്തില്‍ മരിച്ചത്. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലേറെയും മലയാളികളാണെന്നാണ് പുറത്ത് വരുന്ന വിവരം. അപകടത്തില്‍പ്പെട്ട ബസ് യാത്രക്കാര്‍ കുറവായതിനാല്‍ ഒരു ദിവസം വൈകിയാണ് ബെംഗളൂരുവില്‍ നിന്നും യാത്ര തുടങ്ങിയത്. ഒടുവില്‍ സീറ്റുകളെല്ലാം ബുക്ക് ആയി കേരളത്തിലേക്ക് യാത്ര തിരിച്ചപ്പോള്‍ അത് വലിയ ദുരന്തത്തിലേക്കുമായി.

അപകടത്തിൽ പെട്ട കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍  ബെംഗളൂരു- എറണാകുളം ബസ് 17 നാണ് എറണാകുളത്തു നിന്നും ബെംഗലൂരുവിലേക്ക് പോയത്. ബെംഗളൂരുവില്‍ നിന്നും 18 വൈകിട്ട് തിരിച്ച് എറണാകുളത്തേക്ക് മടങ്ങേണ്ടതായിരുന്നു ബസ്. എന്നാല്‍ ബസില്‍ യാത്രക്കാര്‍ കുറവായതിനാല്‍ ട്രിപ്പ് ഒരു ദിവസത്തേക്ക് നീട്ടുകയായിരുന്നു.  തുടര്‍ന്ന് ഇന്നലെ രാത്രി ആണ് ബസ് എറണാകുളത്തേക്ക് തിരിച്ചത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക്‌ ചെയ്തിരുന്നു. 

പുലർച്ചെ മൂന്ന് മണിയോടെയാണ് കേരളത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. അമിത വേഗത്തിലായിരുന്ന എറണാകുളം രജിസ്ട്രേഷനിലുള്ള  കണ്ടെയ്നർ ലോറി ബസില്‍ വന്ന് ഇടിക്കുകയായിരുന്നു. കോയമ്പത്തൂര്‍- സേലം ബൈപ്പാസില്‍ വച്ച് മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്നര്‍ ലോറി റോഡിലെ ഡിവൈഡര്‍ മറികടന്ന് മറുവശത്തെ വണ്‍വേയിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ ഇടത് വശം മുഴുവന്‍ തകര്‍ന്നു.

അപകടത്തില്‍ ഏഴ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. വാഹനം വെട്ടിപ്പൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

 കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കളക്ടർക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്.  


 

click me!