കോടതി ഉത്തരവിനും സ്റ്റോപ്പ് മെമ്മോകൾക്കും പുല്ലുവില; അനുമതിയില്ലാതെ ബഹുനില കെട്ടിട നിർമ്മാണം

By Web TeamFirst Published Feb 20, 2020, 8:24 AM IST
Highlights

നഗരസഭയുടെ അനുമതി തേടാതെയും സമീപ കെട്ടിടങ്ങളിൽ നിന്ന് ദൂരപരിധി പാലിക്കാതെയും സകല ചട്ടങ്ങളും ലംഘിച്ചാണ് നിർമ്മാണം. അനുമതി ഇല്ലെന്ന് വിവരാവകാശ നിയമ പ്രകാരം നഗരസഭ തന്നെ വ്യക്തമാക്കുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ അനുമതി ഇല്ലാതെ ബഹുനില കെട്ടിട നിർമ്മാണം. ഹൈക്കോടതിയുടെയും തദ്ദേശ ഭരണ ട്രൈബ്യൂണലിന്‍റെയും ഉത്തരവുകൾ കാറ്റിൽപറത്തിയാണ് നഗരസഭയുടെ ഒത്താശയോടെ ബഹുനില കെട്ടിട നിർമ്മാണം നടക്കുന്നത്.

നഗരസഭയുടെ അനുമതി തേടാതെയും സമീപ കെട്ടിടങ്ങളിൽ നിന്ന് ദൂരപരിധി പാലിക്കാതെയും സകല ചട്ടങ്ങളും ലംഘിച്ചാണ് നിർമ്മാണം. അനുമതി ഇല്ലെന്ന് വിവരാവകാശ നിയമ പ്രകാരം നഗരസഭ തന്നെ വ്യക്തമാക്കുന്നു. അയൽവാസികളുടെ പരാതിയിൽ, നിർമ്മാണം നിർത്തിവെക്കാൻ നഗരസഭയോട് നിർദേശിച്ചുകൊണ്ട് തദ്ദേശ ഭരണ ട്രൈബ്യൂണല്‍ പുറത്തുവിട്ട ഉത്തരവും പാലിക്കപ്പെട്ടില്ല. പീന്നീട് മുൻസിഫ് കോടതിയെയും ഹൈക്കോടതിയെയും പരാതിക്കാർ സമീപിച്ചു. ഇരുകോടതികളും നിർമ്മാണത്തിനെതിരെ നടപടിക്ക് ഉത്തരവിട്ടു പക്ഷെ ഒന്നുമുണ്ടായില്ല. 

ഇത്രയധികം ഉത്തരവുകൾ നിലനിൽക്കുമ്പോൾ കെട്ടിടം പണിതെന്ന് മാത്രമല്ല, അയൽവാസികളുടെ സ്ഥലം കയ്യേറി ഗേറ്റുൾപ്പെടെ സ്ഥാപിച്ചതായി പരാതി ഉയരുന്നുണ്ട്. കെട്ടിടം പൊളിക്കേണ്ടതില്ലെന്ന് തദ്ദേശ ഭരണ ട്രൈബ്യൂണൽ നിന്നുള്ള ഉത്തരവിലുണ്ടെന്നും പല തവണ സ്റ്റോപ്പ് മെമ്മോ നൽകിയെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. അനധികൃത നിർമ്മാണമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന കെട്ടിടം നവീകരിക്കുക മാത്രമാണുണ്ടായതെന്നുമാണ് ഉടമയുടെ വാദം. നിയമ പ്രകാരം ലൈസൻസ് ക്രമപ്പെടുത്തലിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഉടമ പറയുന്നു.

click me!