വയനാട് / പുത്തുമല: കനത്ത മഴയിൽ ഉരുൾപൊട്ടി സമാനതകളില്ലാത്ത ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ കരളലിയിക്കുന്ന കാഴ്ചകളും. ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടവരിൽ ഏറെയും സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരും തോട്ടം തൊഴിലാളികളുമൊക്കെയാണ്. ദുരന്തം നടന്ന് മൂന്നാം ദിവസമാണ് പ്രദേശത്തെ തോട്ടം തൊഴിലാളിയായിരുന്ന റാണിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുക്കുന്നത്.
ദുരന്തത്തിൽ നാമാവശേഷമായ പാടികളിൽ ഒരിടത്തായിരുന്നു റാണി താമസിച്ചിരുന്നത്. മണ്ണിൽ പുതഞ്ഞുപോയ റാണിയുടെ മൃതദേഹം പുറത്തെടുത്ത രക്ഷാപ്രവര്‍ത്തകര്‍ പാടിയുടെ മുകളിലേക്ക് കൊണ്ടുപോയി. മറ്റുചിലര്‍ അപ്പോഴും മണ്ണുമാറ്റുന്ന ജോലികൾ ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് റാണിയുടെ മൃതദേഹം കിടന്നിരുന്നതിന് തൊട്ടടുത്ത് തൂമ്പാ കൊണ്ട് എന്തോ ചിതറിത്തെറിക്കുന്ന ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കിയത്.
അമ്പത് പൈസമുതൽ പത്ത് രൂപതുട്ടുവരെ കയ്യിൽ കിട്ടുന്നതെല്ലാം ഇട്ടുവച്ച പ്ലാസ്റ്റിക് കുടുക്കകൾ. മഴനനയാതിരിക്കാനാകണം പ്ലാസ്റ്റിക് കവറിൽ കെട്ടി സൂക്ഷിച്ച മുഷിഞ്ഞ നോട്ടുകൾ, കണ്ടു നിന്നവരുടെയെല്ലാം കണ്ണുനിറക്കുന്നതായിരുന്നു റാണിയുടെ ആ ജീവിത സമ്പാദ്യം.
റാണിയെ പോലെ തന്നെ ഒരായുസ്സുമുഴുവൻ പണിയെടുത്ത് കിട്ടിയ കൊച്ചുകൊച്ചു സമ്പാദ്യങ്ങളും ജീവിത സ്വപ്നങ്ങളും എല്ലാം ബാക്കിയാക്കിയാണ് പുത്തുമലയിലെ ദുരന്തത്തിൽ അകപ്പെട്ട ഓരോരുത്തരുടേയും മടക്കം. മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന രണ്ട് പാടികളാണ് ഉരുൾപൊട്ടലിൽ നാമാവശേഷമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam