തിരുവനന്തപുരത്തും കര്‍ശന നിയന്ത്രണങ്ങള്‍: ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തി കളക്ടര്‍

By Web TeamFirst Published Mar 20, 2020, 9:46 PM IST
Highlights

നിയമം ലംഘിച്ച് കൂട്ടം ചേരുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ്  അനുസരിച്ച് കേസെടുക്കുമെന്ന് കളക്ടര്‍. 

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തമാകുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്ക്. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതു പരിപാടികൾ എന്നിവയ്ക്ക് അൻപതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല. ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസിനെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. 

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിക്കുന്നു. ഇവര്‍ക്ക് എതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടെത്തിയാൽ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റൈൻ  നിർദേശം ലംഘിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതിനിടെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്തജനങ്ങളെ നിയന്ത്രിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സന്ദര്‍ശകരെ പൂര്‍ണമായി വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

click me!