കേരളത്തിന്റെ വീരപുത്രൻ: കേണൽ ജോജൻ തോമസ്, അശോകചക്ര ജേതാവ് - ജന്മവാർഷിക അനുസ്മരണം അടുത്തയാഴ്ച കൊച്ചിയിൽ

Published : Jul 15, 2025, 10:51 AM IST
Colonel Jojan Thomas

Synopsis

കേരളത്തിന്റെ മണ്ണിൽ നിന്ന് രാജ്യത്തിന് അഭിമാനമായി മാറിയ കേണൽ ജോജൻ തോമസിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

കൊച്ചി: രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികൻ കേണൽ ജോജൻ തോമസ് എ.സി. (അശോകചക്ര) ഓർമ്മകളിൽ നിറയുന്നു. 2008 ഓഗസ്റ്റ് 22-ന് ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ മച്ചാൽ സെക്ടറിലെ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ജോജൻ തോമസിന് മരണാനന്തരം ഇന്ത്യയുടെ പരമോന്നത സമാധാനകാല സൈനിക ബഹുമതിയായ അശോകചക്ര നൽകി രാജ്യം ആദരിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കുറ്റൂർ ഗ്രാമത്തിൽ 1965 ജൂലൈ 22-നാണ് കേണൽ ജോജൻ തോമസ് ജനിച്ചത്. സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ പി.എ. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായ അദ്ദേഹം സൈനിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് സൈന്യത്തിലേക്ക് എത്തുന്നതും. രണ്ട് സഹോദരങ്ങളും സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് 1986 മാർച്ചിൽ സെക്കൻഡ് ലെഫ്റ്റനന്റായി ഇന്ത്യൻ ആർമിയിലെ 11 ജാട്ട് റെജിമെന്റിൽ കമ്മീഷൻ ചെയ്യപ്പെട്ടു. പിന്നീട് ആറ് വർഷത്തോളം ആർമി ഏവിയേഷൻ കോറിൽ പരിശീലനം ലഭിച്ച പൈലറ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2008-ൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി 45 രാഷ്ട്രീയ റൈഫിൾസിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു.

2008 ഓഗസ്റ്റ് 22-ന് കശ്മീരിലെ മച്ചാൽ സെക്ടറിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് കേണൽ ജോജൻ തോമസിന്റെ നേതൃത്വത്തിൽ സൈന്യം അവിടെയെത്തി തെരച്ചിൽ ആരംഭിച്ചു. നേരിട്ടുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ അദ്ദേഹം വകവരുത്തി. എന്നാൽ, ഈ പോരാട്ടത്തിനിടെ അദ്ദേഹത്തിന് വെടിയേറ്റ് ഗുരുതര പരിക്കേറ്റു. പരിക്കുകൾ വകവയ്ക്കാതെ പോരാട്ടം തുടർന്നെങ്കിലും ഒടുവിൽ വീരമൃത്യു വരിച്ചു.

രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും ധീരതയും പരിഗണിച്ച് 2009 ജനുവരി 26-ന് രാഷ്ട്രം അദ്ദേഹത്തിന് മരണാനന്തരം അശോകചക്ര നൽകി ആദരിച്ചു. സമാധാന കാലത്ത് സൈനികർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. രാഷ്ട്രപതി പ്രതിഭാ പാട്ടീൽ കേണൽ ജോജൻ തോമസിന്റെ ഭാര്യ ബീന ജോജൻ തോമസിന് അശോകചക്ര സമ്മാനിച്ചു. അമ്മ ഏലിയാമ്മ തോമസ്, ഭാര്യ ബീന തോമസ്, മകൾ മേഘന തോമസ്, മകൻ ഫിലേമോൺ തോമസ് എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

ജന്മവാർഷിക അനുസ്മരണം അടുത്തയാഴ്ച കൊച്ചിയിൽ
കേരളത്തിന്റെ ധീരപുത്രൻ കേണൽ ജോജൻ തോമസിന്റെ ജന്മവാർഷിക അനുസ്മരണ ചടങ്ങുകൾ അടുത്തയാഴ്ച കൊച്ചിയി ബോൾഗാട്ടി പാലസിൽ വെച്ച് നടക്കും. ജൂലൈ 20ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തികളും സൈനിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുക്കും. രാജ്യത്തിന് വേണ്ടി ജീവൻ ഹോമിച്ച ഈ ധീരദേശാഭിമാനിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കാനായി വിവിധ തുറകളിൽ നിന്നുള്ളവർ ചടങ്ങിന്റെ ഭാഗമാവും. കേണൽ ജോജൻ തോമസിന്റെ ധീരതയും ത്യാഗവും വരും തലമുറകൾക്ക് പ്രചോദനമായി നിലകൊള്ളുന്നു.

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും