വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ മങ്ങി; പരാതിപ്പെട്ടിട്ടും നടപടിയില്ല, വ്യാപാരിക്ക് 36,500 രൂപ പിഴ

Published : Jun 28, 2025, 07:16 PM IST
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Synopsis

സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റു ബന്ധുക്കൾക്കും 89,199 രൂപയ്ക്ക് 14 സാരികൾ ആണ് പരാതിക്കാരൻ വാങ്ങിയത്.

കൊച്ചി: സഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ കളർ പോയതിനെ തുടർന്ന് പരാതിപെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിർകക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസ്, ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റു ബന്ധുക്കൾക്കും 89,199 രൂപയ്ക്ക് 14 സാരികൾ ആണ് പരാതിക്കാരൻ വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിർ കക്ഷി വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. അതിൽ 16,500 രൂപ വിലയുള്ള സാരി ഉടുത്ത ആദ്യ ദിവസം തന്നെ കളർ നഷ്ടമായി. വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനാണ് സാരി വാങ്ങിയത് എന്നതിനാൽ തന്നെ പരാതിക്കാരനും ഭാര്യയ്ക്കും ഏറെ മാനസിക വിഷമം ഉണ്ടായി. ഈ-മെയിൽ, വക്കിൽ നോട്ടീസ് എന്നിവയിലൂടെ സാരിയുടെ ന്യുനത എതിർകക്ഷിയെ അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല.

കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ ചടങ്ങിൽ ധരിച്ച സാരിയുടെ കളർ പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ആണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവർത്തനങ്ങളുടെ നേർക്ക് നിശബ്ദമായിരിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനായ, വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായും കോടതി ചിലവിലേക്കും 20,000 രൂപ 45 ദിവസത്തിനകം നൽകണമെന്നും ബെഞ്ച് ഉത്തരവ് നൽകി.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും; മുൻകൂര്‍ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ
സുരേഷ് ഗോപിയുടെ 'വോട്ടിൽ' വീണ്ടും വിവാദം, വിശദീകരിക്കണമെന്ന് സിപിഐ, ചെമ്പ് തെളിഞ്ഞെന്ന് കോണ്‍ഗ്രസ്, മറുപടിയുമായി ബിജെപി