മരട്: ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയായി, നാളെ ആദ്യയോഗം

By Web TeamFirst Published Oct 9, 2019, 10:23 PM IST
Highlights

റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരാണ് സമിതി അധ്യക്ഷന്‍. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആര്‍. മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സമിതിയുടെ ആദ്യയോഗം നാളെ ചേരും. 

കൊച്ചി: മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മൂന്നംഗ സമിതിയായി. റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരാണ് സമിതി അധ്യക്ഷന്‍. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സമിതിയുടെ ആദ്യയോഗം നാളെ  11  മണിക്ക് എറണാകുളത്ത് ചേരും. സമുച്ചയങ്ങൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്ലാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടൻ സർക്കാരിന് സമർപ്പിക്കും.

എന്നാൽ രേഖകൾ സമർപ്പിച്ച 130 ഓളം പേർക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നൽകുന്ന പട്ടിക സർക്കാർ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ കമ്മിറ്റിക്ക് കൈമാറും. ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതിയാണ് എടുക്കുക.

ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നൽകാൻ ഇൻഡോറിൽ നിന്നുള്ള വിദഗ്ധൻ ശരത് ബി സർവ്വാതെ നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച സബ്കളക്ടറുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാർ നൽകേണ്ട കമ്പിനികളെ തീരുമാനിക്കും.

അതേസമയം നിയമപ്രകാരമുള്ള എല്ലാ നടപടികൾക്കും ശേഷമാണ് ഫ്ളാറ്റ് നിർമാണം പൂർത്തിയാക്കിയതെന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഫ്ളാറ്റ് നിർമാതാക്കൾ ഉത്തരവാദിയല്ലെന്നും കെട്ടിട നിർമാണ കന്പനിയായ ആൽഫ വെഞ്ചേഴ്സ് സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി.കെട്ടിടനിർമ്മാണത്തിന് മരട് പഞ്ചായത്തും കേരള ഹൈക്കോടതിയും അനുമതി നൽകിയിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
 

click me!