എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജി സുധാകരന്‍റെ നിര്‍ണായക പ്രഖ്യാപനം. തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു. ഹൈസ്കൂൾ കാലത്താണ് പാർട്ടിയിൽ ചേർന്നത്. 

മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തുവെന്നും സുധാകരൻ ആരോപിച്ചു. തന്‍റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരൻ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണം. 

36 വർഷം പാർട്ടി വിദ്യാഭ്യാസ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നു. പാർട്ടിയെ ആക്ഷേപിക്കാനില്ല. 12 പാർട്ടി കോൺഗ്രസുകളിൽ കേരളത്തിന് വേണ്ടി സംസാരിച്ചു, ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തന്നെ പലരും വ്യക്തിഹത്യ നടത്തി. 'സുധാകുരൻ' എന്ന് പോലും പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നുവെന്നും അവരെ ആയുധമാക്കുന്നുവെന്നും സുധാകരൻ വിമര്‍ശിച്ചു. തന്റെ അച്ഛനെ വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചയാളാണ് അച്ഛൻ. ആയിരക്കണക്കിന് ചെറുപ്പകാർക്ക് ജോലി നൽകി. എന്റെ വീട്ടിൽ ആർക്കും കൊടുത്തിട്ടില്ല. അങ്ങനെ ഒരു ആരോപനം ആർക്കും ഉന്നയിക്കാനാകില്ല.

ഇങ്ങനെ പാർട്ടി ജീവിതം നയിക്കുന്ന ആളെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണ്? രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുധം. വലിയ പോരായ്മ പാർട്ടി നേതൃത്വത്തിന് ഉണ്ടായി. രാഷ്ട്രീയ ഇടിവ് കേരളത്തിൽ ഉണ്ടായി. നേതൃത്വത്തിന് ആവേശമുണ്ടാക്കാൻ കഴിഞ്ഞില്ല. നേതാക്കൾ ആത്മ പരിശോധന നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റു കാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് പാടില്ല. തനിക്ക് അഭിമാനത്തോടെ അത് പറയാൻ സാധിക്കും. ഒരുപാട് മർദനങ്ങളും ഗുണ്ടായിസവും ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലർത്തി. ഒരു വർഗീയതയുമായും യോജിക്കില്ല. ദുരിതം അനുഭവിക്കുന്നവരുടെ കൂടെ ആയിരിക്കും എന്നും.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming