
കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‍ത അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും മോചനത്തിനായി കോഴിക്കോട്ട് മനുഷ്യാവകാശ കമ്മറ്റി നിലവിൽ വന്നു. ബിആര്‍പി ഭാസ്കര്‍ കമ്മറ്റി ചെയര്‍മാനും ഡോ:ആസാദ് കണ്‍വീനറുമാണ്. അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കാന്‍ നടപടി സ്വീകരിയ്ക്കുക, എന്‍ഐഎ ഏറ്റെടുത്ത കേസ് അന്വേഷണം സംസ്ഥാനത്തിനു വിട്ടുകിട്ടാന്‍ നടപടി സ്വീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കമ്മറ്റിയുടെ പ്രവർത്തനം.
അതേസമയം അലൻ എസ്എഫ്ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി ജയരാജന്‍റെ വിമര്‍ശനത്തിന് എതിരെ അലന്‍റെ അമ്മ സബിത ശേഖര്‍ രംഗത്തെത്തി. അലന്‍ പ്രവര്‍ത്തിച്ചത് എസ്എഫ്ഐയിലല്ല സിപിഎമ്മിലാണെന്നും അലന്‍റെ രാഷ്ട്രീയത്തിന് ജയരാജന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നുമായിരുന്നു സബിതയുടെ പ്രതികരണം. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാവോയിസവും ഇസ്ളാമിസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലായിരുന്നു അലന്‍ ഷുഹൈബ് എസ്എഫ്ഐയെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന് പി ജയരാജന്‍റെ പറഞ്ഞത്. ഇതിനു മറുപടിയായാണ് ജയരാജന്‍ സഖാവ് വായിച്ചറിയാനെന്ന പേരില്‍ സബിത ശേഖര്‍ തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ ജയരാജനു മറുപടി നല്‍കിയത്.
അലൻ എസ്എഫ്ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല. വീടിന് അടുത്തുള്ള പ്രാദേശിക സിപിഐയുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്. എസ്എഫ്ഐ യിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്ഐ ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുകയെന്നും എസ്എഫ്ഐ ക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ താങ്കള്‍ വിചാരിക്കുന്നതെന്നും സബിത ചോദിച്ചു. പിന്നാലെ മാധ്യമങ്ങള്‍ക്കു മുന്നിലും സബിത വിമര്‍ശനം ആവര്‍ത്തിച്ചു. ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎമ്മിന് രണ്ട് സ്വഭാവമാണെന്നും സബിത വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam