
തൃശ്ശൂർ: സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരൻ. പരാതി നൽകിയ അഭിഭാഷകനായ വിആർ അനൂപ് ആണ് കേസിനെ കുറിച്ചുള്ള സോഷ്യൽമീഡിയ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പ് നൽകിയ പരാതിയിൽ ഇപ്പോഴാണ് സർക്കാറിന് കേസെടുക്കാൻ തോന്നിയതെന്നും, പിണറായി ഡാ എന്ന് പോസ്റ്റിടുന്നവര്ർ ഇക്കാര്യം അറിയണമെന്നും പറഞ്ഞാണ് അനൂപിന്റെ കുറിപ്പ് തുടങ്ങുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കൃഷ്ണരാജിനെതിരെ അനൂപ് പരാതി നൽകിയത്. കെഎസ്ആർടിസി ഡ്രൈവറുടെ വേഷത്തെ മതത്തോട് കൂട്ടിച്ചേർത്ത് അധിക്ഷേപിച്ചെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
Read more: സ്വപ്‍നയുടെ അഭിഭാഷകനെതിരെ കേസ്, ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത് എറണാകുളം സെൻട്രൽ പൊലീസ്
സ്വപ്നയൊക്കെ സീനിൽ വരുന്നതിന് മുൻപ് കൃഷ്ണരാജിനെതിരെ താൻ കൊടുത്ത കേസ് ആണിതെന്നും അനൂപ് കുറിപ്പിൽ വ്യക്തമാക്കി. കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഫ്ഐആറിലുണ്ട്. ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ ഇപ്പോഴാണ് സർക്കാറിന് കേസ് എടുക്കാൻ തോന്നിയത് കേസ് പ്രോസിക്യൂഷന് വിട്ടുകൊടുത്ത് മാറിൽക്കില്ലെന്നും, സംഘികൾക്കും സർക്കാരിനും പിന്നിൽ തന്നെയുണ്ടാകും -അനൂപ് കുറിച്ചു.
അനൂപിന്റെ കുറിപ്പ്
പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട് ആണ് . സ്വപ്നയൊക്കെ സീനിൽ വരുന്നതിന് മുൻപ്, കൃഷ്ണരാജിന് എതിരെ ഞാൻ കൊടുത്ത കേസ് ആണ് . കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഫ്ഐആറിൽ കാണും . ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ ഇപ്പോഴാണ് സർക്കാറിന് കേസ് എടുക്കാൻ തോന്നിയത്.
ഇപ്പോൾ സ്വപ്ന സീനിൽ വന്നത് കൊണ്ട് തന്നെ, ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ട് . എന്തായാലും സ്വപ്നയുടെ കേസ് വെച്ച് , ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കണ്ടാ. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനിൽക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും , സംഘികളുടെ മാത്രമല്ലാ, സർക്കാറിന്റേയും .
കേസിന് പിന്നിൽ
മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 'ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം'.
ഈ തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്. പിന്നീട് തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു.
യാഥാർത്ഥ്യം ഇതായിരുന്നു
ഇതിനുപിന്നാലെയാണ് കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തിയത്. ചിത്രത്തിൽ കാണുന്ന ഡ്രൈവർ മവേലിക്കര ഡിപ്പോയിൽ ജോലി ചെയ്യുന്നയാളാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെഎസ്ആർടിസി മാവേരിക്കര ഡിപ്പോയിലെ അധികൃതർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെടുത്തി. സംഭവത്തിൽ കെഎസ്ആർടിസി. വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു.
ഷർട്ടിൽ അഴുക്ക് പറ്റാതിരിക്കാനാണ് തോർത്ത് മുണ്ട് മുകളിൽ വെച്ചതെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. പ്രചരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതക്കുറവ് കൊണ്ടോ അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം മങ്ങിയത് കൊണ്ടോ അത് വെള്ള നിറംപോലെ തോന്നും. ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇക്കാരണങ്ങളാകാം തെറ്റിദ്ധാരണ പരത്തിയതെന്നും കെഎസ്ആർടിസി അധികൃതർ വിശദമാക്കി. കെഎസ്ആർടിസി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കില്ല. ചിലർ ചിത്രം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam