
തിരുവനന്തപുരം: മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ദുരിതാശ്വാസ നിധി (സി എം ഡി ആർ എഫ്) വകമാറ്റിയ കേസിലെ പരാതിക്കാരൻ. ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി നിയമിക്കാനുള്ള തീരുമാനം സി എം ഡി ആർ എഫ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയെന്നാണ് പരാതിക്കാരൻ ആർ എസ് ശശി കുമാർ അഭിപ്രായപ്പെട്ടത്. ഈ നിയമനത്തിനെതിരെ ഗവർണ്ണർക്ക് പരാതി നൽകുമെന്നും പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ പ്രസിഡന്‍റുമായ ആർ എസ് ശശി കുമാർ വ്യക്തമാക്കി. ലോകായുക്ത പദവി വഹിച്ചിരുന്നയാൾക്ക് ഇങ്ങനെയൊരു പദവി വഹിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകുമെന്നും ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സർക്കാർ തീരമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി നിയമിക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ ഇദ്ദേഹത്തെ ഫീ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിക്കാൻ ശ്രമം നടന്നിരുന്നു. അന്ന് സി എം ഡി ആർ എഫ് വകമാറ്റിയ കേസിലെ പരാതിക്കാരൻ ആർ എസ് ശശി കുമാറടക്കം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ആ നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പുതിയ പദവി നൽകിയുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam