'ജലീലിനെ അറസ്റ്റ് ചെയ്യണം, 'ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്തുകൊണ്ട്', വീണ്ടും പരാതി

By Web TeamFirst Published Aug 19, 2022, 11:24 AM IST
Highlights

സുപ്രീംകോടതി അഭിഭാഷകൻ ജി എസ്‌ മണിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ദില്ലി തിലക്മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ് ഐ ആർ ഇട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. 

ദില്ലി: 'ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസ് എടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി ഡിസിപിക്ക് അഭിഭാഷകൻ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകൻ ജി എസ്‌ മണിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ദില്ലി തിലക്മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ് ഐ ആർ ഇട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ ടി ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങള്‍ വന്‍ വിവാദമായിരുന്നു.  

'പാക്കധീന കശ്മീരെ ' ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ' ആസാദ് കശ്മീരെ ' ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു  പരാമർശം. എന്നാൽ ' പഷ്തൂണു' കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദരും പ്രതികരിച്ചിരുന്നു.  

എന്നാല്‍ വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ ടി ജലീലിന്‍റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമായിരുന്നു ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം വി ഗോവിന്ദനടക്കമുള്ള രണ്ട്  മന്ത്രിമാർ കെ ടി ജലീലിന്‍റെ പരാമ‍ർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
 

click me!